പള്ളിക്കര: വാട്ടര്‍ മെട്രോയുമായി ബന്ധപ്പെട്ട് ബ്രഹ്മപുരം പാലം പൊളിച്ച് പണിയാനുള്ള കരാറില്‍ ഒപ്പുവെച്ച് പൊതുമരാമത്ത് വകുപ്പ്. ബദല്‍ സംവിധാനം ഒരുക്കാതെ പാലം പൊളിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് യു.ഡി.എഫും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ സമരച്ചൂടിലാണ് പരിസര പ്രദേശം. ഈ ആവശ്യം ഉന്നയിച്ച് വിവിധ സംഘടനകളും സമരത്തിലാണ്. പ്രത്യക്ഷസമരത്തിന് യു.ഡി.എഫ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.
ബദല്‍ സംവിധാനം ഒരുക്കാതെയും യാതൊരു മുന്നറിയിപ്പും ഇല്ലാതെയും പാലം പൊളിക്കാൻ കരാര്‍ നല്‍കിയിരിക്കുകയാണ് പൊതുമരാമത്തുവകുപ്പ്. ബദല്‍മാര്‍ഗം ഇല്ലെങ്കില്‍ യാത്ര സൗകര്യവും നിത്യജീവിതവും ദുരിതത്തിലാകുമെന്ന് നാട്ടുകാര്‍ പറയുന്നു. കലക്ടറേറ്റ്, ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്സിറ്റി തുടങ്ങിയ പ്രധാന മേഖലകളിലേക്ക് എളുപ്പത്തിലെത്താനുള്ള വഴിയാണിത്. പാലം പൊളിക്കുന്നതോടെ പ്രദേശവാസികള്‍ക്ക് നഗരത്തിലേക്കോ ജില്ല കേന്ദ്രങ്ങളിലേക്കോ എത്തുന്നതിന് ഇടച്ചിറ വഴിയോ കരിമുകള്‍ വഴിയോ 13 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ട ഗതികേടാണ് ഉണ്ടാവുക.
ബദല്‍ സംവിധാനം ഒരുക്കാതെ പാലം പൊളിച്ചാല്‍ രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമാകും. ഇതിനെല്ലാം പുറമെ കൊച്ചി കോര്‍പറേഷന്റെ മാലിന്യം കൊണ്ട് പോകുന്നതും ബ്രഹ്മപുരം പാലം വഴിയാണ്.
പാലം പൊളിക്കുന്നതോടെ കരിമുകള്‍ വഴി ജനവാസമേഖലയിലൂടെ മാലിന്യം കൊണ്ടുവരേണ്ടിവരും. ഇത് കടുത്ത പ്രതിഷേധത്തിന് കാരണമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.