പള്ളിക്കര: കൊച്ചി കോർപ്പറേഷന്റെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടിത്തം. ബുധനാഴ്ച്ച ഉച്ചക്ക് ഒന്നിനും 1.30നുമിടയിൽ രണ്ട് പ്രാവശ്യമാണ് തീപിടിച്ചത്. സെക്ടർ എട്ടിലാണ് തീ കണ്ടത്. ഉടൻ ഫയർ വാച്ചർമാർ അവിടെയുണ്ടായിരുന്ന അഗ്നിശമന സേനയുടെ സഹായത്തോടെ അണക്കുകയും ചെയ്തു. മാലിന്യ പ്ലാന്റിൽ തീപിടിത്തവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ വി.ഇ. അബ്ബാസ് പറഞ്ഞു. വാച്ച് ടവറിൽനിന്ന് പ്ലാൻറ് മുഴുവനും 24 മണിക്കൂറും നിരീക്ഷണത്തിലാണ്. 50 ഓളം ഫയർവാച്ചർമാർ ജോലി ചെയ്യുന്നുണ്ട്. കൂടാതെ അഗ്നിരക്ഷാസേനയുടെ ഒരു യൂനിറ്റ് 24 മണിക്കൂറും പ്പാന്റിലുണ്ട്. കഴിഞ്ഞ വർഷത്തെ തീപിടിത്തത്തിന് ശേഷം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പ്ലാന്റിലേക്ക് കൊണ്ടുവന്നിട്ടില്ല. ബയോ മൈനിങ് നടത്തി ഇതിനകം 220 ഓളം ലോഡ് പ്ലാസ്റ്റിക് മാലിന്യം തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്ക് കയറ്റിപ്പോയി. പ്ലാന്റ് ഒരാഴ്ച മുമ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സന്ദർശിച്ചിരുന്നു. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ ചൊവ്വാഴ്ചയും അവലോകന യോഗം നടത്തിയിരുന്നു. ഇതിനിടയിലാണ് വീണ്ടും തീപിടിച്ചത്. കഴിഞ്ഞ വർഷം മാർച്ച് മൂന്നിനായിരുന്നു മാലിന്യ പ്ലാന്റിലെ ഏറ്റവും വലിയ തീ പിടുത്തം ഉണ്ടായത്. അന്ന് 13 ദിവസത്തിന് ശേഷമാണ് തീ ഭാഗികമായി അണക്കാൻ കഴിഞ്ഞത്. ഒരു മാസത്തിന് ശേഷമാണ് പൂർണമായി അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.