പള്ളിക്കര: അനധികൃത നിർമാണം നടക്കുന്ന കോഴിമലയും അതിനോട് ചേർന്നുള്ള വെട്ടിക്കാപ്പിള്ളിമല, അൽഅമീൻ നഗർ, മരാട്ട്കുളം പ്രദേശങ്ങളും കുന്നത്തുനാട് തഹസിൽദാർ താജുദ്ദീൻ, പഞ്ചായത്ത് പ്രസിഡൻറ് എം.വി. നിത മോൾ, സെക്രട്ടറി ദിബു ദിവാകരൻ എന്നിവർ സന്ദർശിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെത്തുടർന്ന് പരിസര പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടായിരുന്നു. നിരവധി വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് പരിസരത്ത് വ്യാപകമായ പ്രതിഷേധം ഉയരുകയും കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് തഹസിൽദാറും സംഘവും സന്ദർശനം നടത്തിയത്.
വെള്ളം കയറിയ വീടുകളും പരിസരപ്രദേശങ്ങളും സംഘം സന്ദർശിക്കുകയും നാട്ടുകാരുടെ പരാതി കേൾക്കുകയും ചെയ്തു. വില്ല നിർമാണത്തിന്റെ മറവിൽ കുറച്ചുസ്ഥലത്തിന് പെർമിറ്റ് എടുത്തശേഷം പെർമിറ്റ് ഇല്ലാത്ത സ്ഥലത്തെ മണ്ണുൾപ്പെടെ നീക്കംചെയ്തതായി പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. പഞ്ചായത്തിൽനിന്ന് അനുവാദം വാങ്ങാതെയാണ് പല നിർമാണ പ്രവർത്തനങ്ങളും നടത്തിയത്.
മേയ് 31നകം തീർക്കണമെന്ന് പഞ്ചായത്ത് നിർദേശിച്ച ഒരു നിർമാണപ്രവർത്തനവും ആരംഭിച്ചിട്ടില്ല. വില്ലയുടെ മുകൾഭാഗത്തുള്ള മൂന്ന് വീടുകളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ഇതേതുടർന്ന് വെള്ളിയാഴ്ച 11ന് തഹസിൽദാരുടെ ചേംബറിൽ പഞ്ചായത്ത് പ്രസിഡൻറും സെക്രട്ടറിയും വില്ലയുടെ ഉടമയും ചർച്ച നടത്തും.
പോത്തിനാംപറമ്പ് മാരാട്ട്കുളം മലയിലെ മണ്ണെടുപ്പിനെത്തുടർന്ന് മണ്ണൊലിച്ച് പരിസരത്തെ വീടുകളിൽ കയറിയതിനെത്തുടർന്ന് പരാതിയുണ്ടായ പ്രദേശവും തഹസിൽദാർ സന്ദർശിച്ചു.
മണ്ണും വെള്ളവും ഒഴുകാതിരിക്കാൻ മലയിൽ നിർമിച്ച ട്രഞ്ച് ഉടൻ മൂടാനും മുളയും താർപ്പായയും ഉപയോഗിച്ച് മണ്ണൊലിപ്പും വെള്ളപ്പാച്ചിലും തടയുന്നതിനായി മൂന്ന് ദിവസത്തിനകം നടപടി സ്വീകരിക്കാനും തഹസിൽദാർ നിർദേശം നൽകി. പരിസരത്ത് നടക്കുന്ന നിർമാണ പ്രവർത്തനം നിർത്തിവെക്കാനും തഹസിൽദാർ നിർദേശം നൽകി. ഈ റിപ്പോർട്ടുകൾ കലക്ടർക്ക് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.