പള്ളിക്കര: പായൽവാരലും ചളിനീക്കലും ആഴം കൂട്ടലുമെല്ലാം ആചാരമായി മാറിയതോടെ ചളി നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട് കടമ്പ്രയാർ. ശുദ്ധജല വാഹിനിയായിരുന്ന കടമ്പ്രയാറിപ്പോൾ അശുദ്ധവാഹിനിയായി മാറിക്കഴിഞ്ഞു.
സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക് എന്നിവിടങ്ങളിലെ ഐ.ടി കമ്പനികളടക്കം കടമ്പ്രയാറിൽനിന്നുള്ള വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇവിടെനിന്ന് പമ്പ് ചെയ്ത് ശുദ്ധീകരിക്കുന്ന വെള്ളമാണ് കിൻഫ്ര വിതരണം ചെയ്യുന്നത്. ചളിനീക്കിയും ആഴം വർധിപ്പിച്ചും പോളപ്പായൽ നീക്കംചെയ്തും നീരൊഴുക്ക് വർധിപ്പിക്കാനുള്ള നടപടി മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടി അധികൃതർ ചെയ്തിട്ടില്ല. കടമ്പ്രയാറിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ടൂറിസം പദ്ധതിക്കുമായി പത്ത് കോടിയിലേറെ രൂപ ഇതിനോടകം ചെലവഴിച്ചതായി പറയുമ്പോഴും കടമ്പ്രയാറിന് ഇനിയും ശാപമോക്ഷമായിട്ടില്ല.
കടമ്പ്രയാർ ചിത്രപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന രാജഗിരി വാലിക്കടുത്തുള്ള കോഴിച്ചിറ ബണ്ട് തകർന്നിട്ടും പുനർനിർമാണ നടപടികൾ ഇല്ല. ചിത്രപ്പുഴ മുതൽ മനക്കക്കടവ് വരെയുള്ള 11 കിലോമീറ്റർ പോളപ്പായൽ നിറഞ്ഞ നിലയിലാണ് ഈ ജലവാഹിനി. പായൽ നീക്കവും ചളി കോരലും വെറും പ്രഹസനമായി മാറുന്നതാണ് കടമ്പ്രയാർ വികസനം അസാധ്യമായി മാറുന്നത്. കഴിഞ്ഞ വർഷം പായൽ നീക്കാൻ ഇവിടെ കൊണ്ടുവന്ന വാഹനം ഇതുവരെ തിരികെ കൊണ്ടുപോയിട്ടുപോലും ഇല്ല. ലക്ഷങ്ങൾ മുടക്കി പായൽ വാരിയാൽ അവ മുഴുവൻ തീരത്തുതന്നെ കോരിയിട്ട് ഉപേക്ഷിക്കുകയാണ്. മഴക്കാലത്ത് പോള വിത്തുകൾ വീണ്ടും മുളപൊട്ടുന്നതോടെ പായൽ നിറയും. ചിത്രപ്പുഴ മുതൽ ഇൻഫോപാർക്ക് വരെ ബോട്ട് ഗതാഗതം കൊണ്ടുവരുമെന്ന വാഗ്ദാനം പത്തുകൊല്ലം പിന്നിട്ടിട്ടും ഫലം കണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.