പെരുമ്പാവൂര്‍: എം.സി റോഡിലെ കാരിക്കോട് വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായി മാറുന്നു. വെള്ളിയാഴ്ച രാത്രി 10.30ന് കരോട്ടപ്പുറം യാക്കോബിന്റെ വീട്ടിലേക്ക് പിക്അപ്പ് ജീപ്പ് ഇടിച്ചുകയറി ഗേറ്റും മതിലും തകര്‍ത്തതാണ് അവസാനത്തെ അപകടം. കഴിഞ്ഞയാഴ്ച ഇവിടെ മൂന്ന് അപകടങ്ങള്‍ നടന്നു. പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് ബംഗളൂരുവിലേക്ക് അമിത വേഗത്തില്‍ പോയ ദീര്‍ഘദൂര ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് പിക്അപ് അപടത്തിൽപെട്ടത്. യാക്കോബിന്റെ മുറ്റത്തിരുന്ന ആക്ടീവ സ്കൂട്ടറും സൈക്കിളും തകര്‍ന്നു. ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. മൂന്ന് വര്‍ഷം മുമ്പ് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി യാക്കോബിന്റെ വീടിന് മുന്നിലെ കടമുറി തകര്‍ത്തിരുന്നു. അപകടങ്ങള്‍ പതിവാകുമ്പോള്‍ പെരുമ്പാവൂര്‍-കാലടി റോഡിലെ കാരിക്കോട് വളവിന്റെ വലതു ഭാഗത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ്. മിക്ക അപകടങ്ങളും രാത്രിലാണെന്നത് ഇവരെ ഭയപ്പെടുത്തുകയാണ്.
യാക്കോബിന്റെ തൊട്ടടുത്തുണ്ടായിരുന്ന വീട്ടുകാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസം മാറിപ്പോയി. നിരവധി ജീവൻ പൊലിഞ്ഞ സ്ഥലമാണ് കാരിക്കോട് വളവ്. എം.സി റോഡിന്റെ വീതികൂട്ടിയ ഘട്ടത്തില്‍ ഇവിടെയും വര്‍ധിപ്പിച്ചെങ്കിലും വളവില്‍ ആവശ്യത്തിന് വീതിയായില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബോര്‍ഡുകളും സിഗ്നല്‍ ലൈറ്റുകളും സ്ഥാപിച്ച് മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കി കാഴ്ചമറയ്ക്കുന്ന തടസ്സങ്ങളെല്ലാം മാറ്റി. എന്നാല്‍, റോഡിന്റെ ഇടതു ഭാഗം വീതി വര്‍ധിപ്പിക്കാതെ അപകടത്തിന് അറുതിയാകില്ല. വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയിൽപെടാതെയാണ് പല അപകടങ്ങളും ഉണ്ടായതെന്നും അമിത വേഗം പ്രധാന കാരണമാണെന്നും നാട്ടുകാര്‍ പറയുന്നു. റോഡിനോട് ചേര്‍ന്ന വീടുകള്‍ ഇടതു ഭാഗത്തെ വീതി വര്‍ധിപ്പിക്കാന്‍ തടസ്സമാണ്. നാല് വര്‍ഷം മുമ്പ് നെടുമ്പാശ്ശേരിയിലേക്ക് പോയ നാല് കാര്‍ യാത്രക്കാര്‍ അപകടത്തില്‍ മരിച്ചതും 2020 സെപ്റ്റംബറില്‍ ബൈക്ക് യാത്രക്കാരനായ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് കാറിടിച്ച് മരിച്ചതും അപകട വളവിന് സമീപമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.