പെരുമ്പാവൂര്‍: തെരുവ് നായ്ക്കളുടെ ശല്യം വ്യാപകമാകുന്നതായി പരാതി. നഗര പ്രദേശങ്ങളില്‍ ഉള്‍പ്പെടെ നായ്കൂട്ടങ്ങള്‍ രാത്രിയും പകലും ഭീതിപരത്തുകയാണ്.
കടവരാന്തകള്‍, സര്‍ക്കാര്‍ ഓഫിസ് വളപ്പുകള്‍, മൈതാനങ്ങള്‍ എന്നിവയെല്ലാം ഇവയുടെ കേന്ദ്രങ്ങളാണ്. പകല്‍ തെരുവോരങ്ങളില്‍ കറങ്ങി നടക്കുന്ന നായ്ക്കള്‍ സ്ഥാപനങ്ങളുടെ അകത്തേക്ക് കയറുന്നതും വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നതും പതിവാണ്.
നായ്കൂട്ടങ്ങള്‍ പ്രഭാത സവാരിക്കിറങ്ങുന്നവര്‍ക്കും ഭീഷണിയാണ്. പെരുമ്പാവൂര്‍ പട്ടണത്തില്‍ പൊലീസ് സ്റ്റേഷന് റോഡ്, വില്ലേജ് ഓഫീസ് വളപ്പ്, കോടതി വളപ്പ്, വില്ലേജ് ഓഫീസ് കെട്ടിട പരിസരം, ക്ഷേത്ര പരിസരം എന്നിവിടങ്ങളിലെല്ലാം പകല്‍ സമയങ്ങളില്‍ കൂട്ടമായി ഇവ തങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസം ഡിവൈ.എസ്.പി ഓഫിസ് കെട്ടിടത്തിന്റെ പുറത്ത് നായ് കൂട്ടം തമ്പടിച്ചിരുന്നു.
ആട്ടിയോടിക്കുന്നവരെ കുരച്ച് പേടിപ്പെടുത്തുകയാണ്. തെരുവു നായ്ക്കളെ പിടികൂടിയാല്‍ എ.ബി.സി കേന്ദ്രങ്ങളില്‍ കൊണ്ടുപോയി വന്ധ്യംകരിച്ച് നിശ്ചിത ദിവസങ്ങള്‍ സംരക്ഷണം നല്കി പിടികൂടിയ സ്ഥലത്തുതന്നെ എത്തിക്കണമെന്ന നിയമം വന്നതോടെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ നായ്ക്കളെ പിടികൂടുന്നതില്‍നിന്ന് പിന്‍വലിഞ്ഞത്. ഇതോടെ ഇവയുടെ വ്യാപനം വർധിച്ചു. ബ്ലോക്ക് അടിസ്ഥാനത്തില്‍ എ.ബി.സി കേന്ദ്രങ്ങള്‍ വേണമെന്നത് കടലാസില്‍ ഒതുങ്ങി. വാക്സിനേഷനേഷനും നടക്കുന്നില്ല. തദ്ദേശ വകുപ്പ്, ആരോഗ്യ വിഭാഗം, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയവയുടെ ഏകോപത്തിലൂടെയാണ് തെരുവ് നായ്ക്കളുടെ സംരക്ഷണം നടപ്പാക്കേണ്ടത്.
ജില്ല കലക്ടറുടെ മേല്‍നോട്ടത്തില്‍ നാലംഗ സംഘം കാര്യങ്ങള്‍ ഏകോപിക്കേണ്ടതുണ്ട്. വാക്സിനേഷന് ഉള്പ്പടെയുളളവക്ക് ഫണ്ടില്ലാത്തതുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒഴിഞ്ഞുമാറുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.