കൊച്ചി: വളർത്തുനായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ സംസ്ഥാനത്തെ ആറ് മുനിസിപ്പൽ കോർപറേഷനും ഉടൻ നടപടി ആരംഭിക്കണമെന്ന് ഹൈകോടതി. തിരുവനന്തപുരം അടിമലത്തുറയിൽ ബ്രൂണോയെന്ന വളർത്തുനായെ തല്ലിക്കൊന്ന സംഭവത്തെ തുടർന്ന് മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സ്വമേധയാ പരിഗണിക്കുന്ന ഹരജിയിൽ കക്ഷിചേർത്താണ് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകൾക്ക് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ സ്ഥലങ്ങൾ കണ്ടെത്തി അടയാളപ്പെടുത്തണമെന്നും ഇത് വ്യക്തമാക്കി ബോർഡുകൾ സ്ഥാപിക്കണമെന്നും നഗരസഭകൾക്ക് നിർദേശം നൽകി. സംസ്ഥാന മൃഗക്ഷേമ ബോർഡ് രണ്ടാഴ്ചക്കകം പുനഃസംഘടിപ്പിക്കുമെന്ന് അഡീ. എ.ജി അറിയിച്ചു.
ബോർഡ് പുനഃസംഘടിപ്പിച്ചാലുടൻ വിവരങ്ങൾ കൈമാറാനും പരാതികൾ സ്വീകരിക്കാനും വെബ് പോർട്ടൽ തുടങ്ങണമെന്ന് കോടതി നിർദേശിച്ചു. കൊച്ചി തൃക്കാക്കരയിലെ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് ബ്രഹ്മപുരത്തെ മൃഗ സംരക്ഷണകേന്ദ്രം തുറന്നുനൽകണം.
തൃക്കാക്കരയിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ ഏഴ് പോയൻറിൽ സൗകര്യമൊരുക്കി ബോർഡ് വെക്കാനും ഇതിനെതിരെ അക്രമ സംഭവങ്ങളുണ്ടായാൽ പൊലീസ് നടപടിയെടുക്കാനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.