കിഴക്കമ്പലം: മുന്നറിയിപ്പില്ലാതെ പൂട്ടിയ കടമ്പ്രയാര്‍ ടൂറിസം കേന്ദ്രം മൂന്ന് വർഷമായിട്ടും തുറന്നുപ്രവർത്തിക്കാനായില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അടച്ചിട്ടിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കടമ്പ്രയാര്‍ ടൂറിസം പദ്ധതിക്കായി കോടികള്‍ മുടക്കുന്നതല്ലാതെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രയോജനപ്പെട്ടിട്ടില്ല. വികസനപ്രവര്‍ത്തനങ്ങള്‍ ഓരോന്നായി ഇല്ലാതാവുകയും ചെയ്തു. കഴിഞ്ഞ മൂന്ന് അവധിക്കാലവും വിനോദസഞ്ചാരികള്‍ക്ക് പ്രയോജനപ്പെട്ടില്ല.
2009ല്‍ പഴങ്ങനാട് പുതുശ്ശേരി കടവിലാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. തുടര്‍ന്ന് മനക്കക്കടവിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. വിവിധ സൗകര്യങ്ങളൊരുക്കിയെങ്കിലും ബോട്ടിങ്, റസ്റ്റാറന്റ്, കലാകേന്ദ്രങ്ങള്‍ എന്നിവ നിര്‍ത്തിയതോടെ സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഇപ്പോൾ പഴങ്ങനാട് പുതുശ്ശേരി കടവിനോട് ചേർന്ന് ഒരു ചെറിയ കെട്ടിടം മാത്രമാണുള്ളത്.
അതിന്റെ ഒരുഭാഗത്തെ മേൽക്കൂര പൊളിച്ചുമാറ്റിയ നിലയിലാണ്. അതുതന്നെ മഴ ശക്തമാവുന്നതോടെ പലപ്പോഴും വെള്ളത്തിലാണ്. ചളി നിറഞ്ഞ് അങ്ങോട്ട് ചെല്ലാൻപോലും ആകാത്ത അവസ്ഥയിലാണ്. എന്നാല്‍, ഇതെല്ലാം പുനരാരംഭിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ടൂറിസം വകുപ്പ് പറയുന്നു.
ബോട്ടിങ് പുനരാരംഭിക്കുന്നതിന് കടമ്പ്രയാറിലെ ചളിനീക്കം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഇപ്പോൾ അതുകൊണ്ട് പ്രയോജനമില്ലാതായി. ടൈല്‍ വിരിച്ച നടപ്പാതകളും തകർന്നിരിക്കുകയാണ്. അവയെല്ലാം മഴ പെയ്തതോടെ കടമ്പ്രയാറിലേക്കുതന്നെ ഒഴുകിപ്പോയി. നടപ്പാതകളും കൈവരികളും നന്നാക്കി ബലവത്താക്കണം. മഴവില്‍ പാലങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കണം. റസ്റ്റാറന്റ് കെട്ടിടം അറ്റകുറ്റപ്പണി, മറ്റു സൗകര്യമൊരുക്കല്‍ എന്നിവയാണ് ഇനി ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.