ചൈനയിൽ മെഡിക്കൽപഠനം മുടങ്ങിയവർ ജോർജ്ജിയയിൽ തുടർ പഠനത്തിന് നടത്തും

നെടുമ്പാശ്ശേരി : ചൈനയിലെ മെഡിക്കൽ കോളേജുകളിൽ പഠനം നടത്തിവരുന്നതിനിടെ  കോവിഡ് മഹാമാരിയെ തുടർന്ന് പഠനം മുടങ്ങിയ വിദ്യാർഥികൾ വ്യാഴാഴ്ച തുടർ പഠനത്തിനായി ജോർജിയയിലേക്ക് യാത്രയാകും. വിവിധ ജില്ലകളിൽ നിന്നുള്ള 60 വിദ്യാർഥികളാണ് ജോർജിയയിലേക്ക് തിരിക്കുന്ന സംഘത്തിലുള്ളത്. 2017, 18, 19 വർഷങ്ങളിൽ ചൈനയിലെ മെഡിക്കൽ കോളേജുകളിൽ ചേർന്ന് പഠനം തുടങ്ങിയവരാണ് ഇവർ. കോവിഡ് പടർന്നു പിടിക്കുമെന്ന ഭീതിയെ തുടർന്ന് 2019 ജനുവരിയിലാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്. എന്നാൽ ഇതിന് ശേഷം ഇപ്പോഴും ലോകത്ത് ഒരിടത്ത് നിന്നും ആർക്കും ചൈനയിലേക്ക് പ്രവേശനാനുമതി നൽകുന്നില്ല.

ചൈനയ്ക്ക് പുറമെയുള്ള വിദ്യാർഥികൾക്ക് ഓൺലൈനായാണ് ക്ലാസ് നൽകി വരുന്നത്. എന്നാൽ ഇത്തരത്തിൽ ഓൺലൈനിൽ പഠിച്ച് പാസാകുന്ന മെഡിക്കൽ വിദ്യാർഥികൾക്ക് സംസ്ഥാനത്ത് മെഡിക്കൽ ബോർഡിന്റെ പരീക്ഷ എഴുതാൻ ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ (ടി.എം.സി) അനുമതി നൽകുന്നില്ല. ഈ പരീക്ഷ പാസായാൽ മാത്രമേ കേരളത്തിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ കഴിയുകയുള്ളു. ഇതോടെ വിദ്യാർഥികളും രക്ഷിതാക്കളും ത്രിശങ്കുവിലാകുകയായിരുന്നു. പിന്നീട് തളിപ്പറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന സീക്കോ ഇന്റെർനാഷണൽ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഒന്നര വർഷമായി നടത്തിവന്ന പ്രയത്നത്തിനൊടുവിലാണ് 60 വിദ്യാർഥികൾക്ക് ജോർജിയയിലെ കോക്കസസ് യൂനിവേഴ്സിറ്റിയിൽ ചേർന്ന് പഠനം തുടരാൻ അവസരം ലഭിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, കേന്ദ്ര മന്ത്രി വി. മുരളീധരൻ, എം.പിമാരായ ശശി തരൂർ, ഹൈബി ഈഡൻ, മുൻ മന്ത്രി എസ്. ശർമ്മ എന്നിവരുടെ നേതൃത്വത്തിലാണ് ജോർജിയൻ എംബസി, ജോർജിയ സർക്കാർ എന്നിവരുമായി ബന്ധപ്പെടലുകൾ നടത്തിയത്. ചൈനയിലെ 45 ഓളം മെഡിക്കൽ യൂനിവേഴ്സിറ്റികളിലായി ഇന്ത്യയിൽ നിന്നുള്ള 20000 ത്തോളം വിദ്യാർഥികൾ പഠനം നടത്തിവരുന്നുണ്ട്.

ഇതിൽ ബഹുഭൂരിഭാഗം പേരും കൊവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവരിൽ ആദ്യ സംഘത്തിനാണ് മറ്റൊരു രാജ്യത്ത് തുടർ പഠനത്തിന് അവസരം ഒരുങ്ങുന്നതെന്ന് സീക്കോ മാനേജിംഗ് ഡയറക്ടർ സി. അബ്ദുൾഖാദർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 175 വിദ്യാർഥികളാണ് പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ ജോർജിയയിലേക്ക് യാത്രയാകുന്നത്. ഇതിൽ 60 പേർ ഒഴികെയുള്ളവർ നിലവിൽ ജോർജിയയിൽ പഠനം നടത്തിവരുന്നവരാണ്. 48 പേർ നെടുമ്പാശ്ശേരിയിൽ നിന്നും ബാക്കിയുള്ളവർ ഡൽഹിയിൽ നിന്നുമാണ് വിമാനത്തിൽ കയറുന്നത്. സീക്കോ ഡയറക്ടർ ഡോ. ജസീർ അബ്ദുൾ ഖാദർ, വിദ്യാർഥി പ്രതിനിധി ആകാശ് സെലസ്റ്റിൻ, രക്ഷാകർതൃ പ്രതിനിധി ബീന ജോൺസൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Tags:    
News Summary - Those who have dropped out of medical school in China will continue their studies in Georgia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.