െകാച്ചി: ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയെയും മക്കളെയും സംരക്ഷിക്കാനെന്ന വ്യാജേന ഒപ്പം കൂടി മൂത്തമകളെ നിരന്തരം പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ പൂജാരിക്കെതിരായ പോക്സോ കേസ് റദ്ദാക്കിയെങ്കിലും ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈകോടതി.
ഇരയായ പെൺകുട്ടിയുടെ പ്രായം ബോധ്യപ്പെടുത്തുന്ന തെളിവുകളില്ലാത്തതിനാൽ പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ് മഞ്ചേരി സ്വദേശി മധുവിനെതിരായ പോക്സോ കേസ് ഒഴിവാക്കിയത്.
അതേസമയം, പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് വ്യക്തമായ തെളിവുള്ളതിനാലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ജീവപര്യന്തം ശിക്ഷ ശരിവെച്ചത്.
വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് മഞ്ചേരി പോക്സോ കോടതി 2016 ജൂൺ 29ന് പോക്സോ, ബലാത്സംഗ കുറ്റങ്ങൾ ചുമത്തി ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന വ്യവസ്ഥയിൽ ഇരട്ട ജീവപര്യന്തം വിധിക്കുകയായിരുന്നു. മാനസിക വിഭ്രാന്തിയുള്ള മാതാവിനെ ചികിത്സക്കായി മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് അയക്കാനും ഉത്തരവിട്ടു. ശിക്ഷ വിധിക്കെതിരെ പ്രതി നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്.
2012 നവംബർ 14 മുതലാണ് പോക്സോ ആക്ട് നിലവിൽ വന്നതെന്നും അതിന് മുമ്പ് നടന്നുവെന്ന് ആരോപണമുള്ള സംഭവത്തിൽ പോക്സോ ബാധകമല്ലെന്നുമായിരുന്നു ഹരജിക്കാരെൻറ വാദം. പെൺകുട്ടിയുടെ മൊഴി അവിശ്വസനീയമാണെന്നും മാതാവിെൻറ മൊഴി വേണ്ട വിധം പരിശോധിക്കപ്പെട്ടിട്ടില്ലെന്നുമുള്ള വാദവുമുയർത്തി.
എന്നാൽ, മെഡിക്കൽ റിപ്പോർട്ടുകളും മറ്റ് ശാസ്ത്രീയ തെളിവുകളും പെൺകുട്ടിയുടെ മൊഴി സാധൂകരിക്കാൻ മതിയാവുന്നതാണെന്ന് കോടതി വിലയിരുത്തി. സാക്ഷി മൊഴികളും അനുബന്ധതെളിവുകളും നിരന്തരം പീഡനം നടന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടിയെക്കാൾ ഇരട്ടി പ്രായമുള്ള പ്രതി മാനസിക ആരോഗ്യമില്ലാത്ത മാതാവിനൊപ്പം ചേർന്ന് രക്ഷിതാവ് ചമഞ്ഞാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പരമാവധി ശിക്ഷ അർഹിക്കുന്ന കുറ്റമാണ് പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് ഇന്ത്യൻ ശിക്ഷ നിയമപ്രകാരം ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.
ഭക്ഷണമോ താമസസൗകര്യമോ ഇല്ലാതെ മൂന്ന് കുട്ടികളുമായി ഉപേക്ഷിക്കപ്പെട്ട സ്ത്രീയുടെ മാനസികനില മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭക്ഷണത്തിനും താമസത്തിനും വേണ്ടി കുട്ടികൾ ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾക്ക് ഇരയായത് സമൂഹത്തിനാകെ നാണക്കേടാണെന്നും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.