കളമശ്ശേരി: ഇടപ്പള്ളിയിൽ വ്യാപാര സ്ഥാപനത്തിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്ത് സ്വർണവും പണവും മോഷ്ടിച്ച പ്രതികളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നാഗക്കോട് പുളിയറക്കോണം ശ്രീശൈലം വീട്ടിൽ എസ്. ശരത് (36), കോട്ടയം മുണ്ടക്കയം പുഞ്ചവയൽ തോട്ടക്കാട് വീട്ടിൽ ടി.ടി. റിനു (40) എന്നിവരാണ് അറസ്റ്റിലായത്.
മോട്ടോർ ബൈക്കുകളുടെ സ്പാർക്ക് പ്ലഗ് ഉപയോഗിച്ചാണ് പ്രതികൾ ഇത്തരത്തിലുള്ള കവർച്ച നടത്തിയത്. വാഹനത്തിന്റെ ചില്ലിലേക്ക് സ്പാർക്ക് പ്ലഗ് എറിഞ്ഞ് പൊട്ടിക്കുന്ന രീതി യൂട്യൂബ് വിഡിയോയിൽനിന്നാണ് പഠിച്ചതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. മോട്ടോർ സൈക്കിൾ വർക്ഷോപ്പുകളിൽനിന്നാണ് ഇതിനായുള്ള പ്ലഗുകൾ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ 10 ദിവസമായി കൊച്ചിയിൽ തമ്പടിച്ചാണ് മോഷണം നടത്തിയത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് കൊച്ചി മറൈൻഡ്രൈവിൽനിന്നും ഇത്തരത്തിൽ ചില്ല് പൊട്ടിച്ച് മോഷണം നടത്തിയിട്ടുണ്ടെന്നും ചേരാനെല്ലൂർ അമൃത ആശുപത്രിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരനെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തതായും സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
സ്വർണാഭരണവും പണവും കണ്ടെടുത്തു. എസ്.എച്ച്.ഒ വിപിൻ ദാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുബൈർ, ജോസഫ്, എ.എസ്.ഐ ബദർ, സി.പി.ഒമാരായ ശ്രീജിഷ്, ഷിബു, കൃഷ്ണരാജ് എന്നിവരടങ്ങിയ സംഘമാണ് കലൂരിൽനിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.