തര്‍ക്കങ്ങള്‍ പരിഹരിച്ചു; പാതയോരത്തെ മരങ്ങള്‍ മുറിച്ചുതുടങ്ങി

മൂന്നാര്‍: കൊച്ചി-ധനുഷ്‌കോടി ദേശീയപാത വികസനം വേഗത്തിൽ പൂർത്തിയാകാൻ സാധ്യത തെളിയുന്നു. വനംവകുപ്പുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ സര്‍ക്കാര്‍ ഇടപ്പെട്ട് പരിഹരിച്ചു. ദേശീയപാതയോരത്തെ മരങ്ങള്‍ അധികൃതര്‍ മുറിച്ചുനീക്കിത്തുടങ്ങി. രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകേണ്ട പദ്ധതി അഞ്ചുവര്‍ഷമായിട്ടും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ എ. രാജ എം.എല്‍.എ ടൂറിസം മന്ത്രിയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നായിരുന്നു പ്രശ്‌നത്തിന് പരിഹാരമായത്. റോഡ്​ പണിയുടെ 80 ശതമാനം പണികളും പൂര്‍ത്തിയാകാനായെങ്കിലും മരങ്ങള്‍ വെട്ടുവാനുള്ള അനുമതി ലഭിക്കാത്തതുമൂലം ചില ഭാഗങ്ങളില്‍ മുടങ്ങി. തര്‍ക്കം നിലനിന്ന ഭാഗങ്ങള്‍ ഒഴിവാക്കി പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ എം.എല്‍.എ ആവശ്യപ്പെട്ടതോടെയാണ് ടൂറിസം മന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ടത്. ദേശീയപാത അധികൃതര്‍ വനംവകുപ്പുമായി ഇതുസംബന്ധിച്ച നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. മരം മുറിക്കാനുള്ള അനുമതി ലഭിച്ചതോടെ വികസനം പൂര്‍ണമായും പൂര്‍ത്തീകരിച്ച് സുഗമമായ ഗതാഗതം സാധ്യമാക്കുമെന്ന് ദേശീയപാത അധികൃതര്‍ പറഞ്ഞു. പാത പൂര്‍ണതോതില്‍ യാഥാര്‍ത്യമാകുന്നത് വിനോദസഞ്ചാരമേഖലക്ക്​ ഗുണകരമാകും. അന്തർ സംസ്ഥാനങ്ങളില്‍നിന്നടക്കം ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ മൂന്നാറിലെത്തുന്നത് വ്യാപാരമേഖലക്കും ഉണര്‍വേകും. ചിത്രം 1 കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ റോഡരികിലെ മരങ്ങൾ മുറിച്ചുതുടങ്ങിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.