അടിമാലി: ഖജനാവിലേക്ക് ലക്ഷങ്ങൾ വരുമാനം ലഭിക്കേണ്ട മണൽശേഖരം ലേലം ചെയ്തു വിൽക്കാത്തതുമൂലം നശിക്കുന്നു. പള്ളിവാസൽ വൈദ്യുതി വിപുലീകരണ പദ്ധതിയുടെ ഭാഗമായി പഴയ മൂന്നാറിൽ നിർമിച്ച ടണലിന് സമീപമാണ് ലോഡുകണക്കിന് മണൽ ഉപയോഗശൂന്യമായി നശിക്കുന്നത്. പുതിയ ടണലിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി മുതിരപ്പുഴയിൽനിന്ന് യന്ത്രസഹായത്തോടെ മൂന്ന് വർഷം മുമ്പ് ശേഖരിച്ച മണലാണിത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്തെ വൈദ്യുതി വകുപ്പിന്റെ ഭൂമിയിലാണ് മണൽ കൂട്ടിയിട്ടിരിക്കുന്നത്. വൈദ്യുതി വകുപ്പ് റവന്യൂ വിഭാഗത്തിന് കൈമാറിയ ശേഷം ലേലം നടത്താനായി പഞ്ചായത്തിനു കൈമാറണമെന്നാണു നിയമം.
എന്നാൽ, മൂന്ന് വർഷമായിട്ടും അധികൃതർ കൈമാറ്റ നടപടി സ്വീകരിക്കാതെ വന്നതോടെ മണൽശേഖരം കാടുകയറി നശിച്ച നിലയിലാണ്. യഥാസമയം കൈമാറ്റ നടപടിയും ലേലവും നടത്താത്തതു കാരണം സർക്കാറിനു ലക്ഷങ്ങളുടെ വരുമാനമാണ് നഷ്ടമാകുന്നത്. മുതിർന്ന ഉദ്യോഗസ്ഥരെല്ലാം ദിനംപ്രതി കടന്നുപോകുന്ന ദേശീയപാതയോരത്താണ് ലക്ഷങ്ങൾ വിലമതിക്കുന്ന മണൽശേഖരം കാടുകയറി കിടക്കുന്നത്. അടിയന്തരമായി ഈ മണൽ ലേലം ചെയ്ത് വിൽക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുഴകളിൽ നിന്നും മണൽ വാരുന്നത് വിലക്കുള്ളതും പാറഖനനം നിരോധനമുള്ളതും എം. സാൻഡ്, കരിങ്കല്ല് എന്നിവ കിട്ടാൻ വലിയ പ്രയാസമാണ് ഈ സാഹചര്യത്തിൽ സർക്കാർ പുഴയിൽനിന്ന് വാരി സൂക്ഷിച്ചിരിക്കുന്ന മണൽ വേഗത്തിൽ ലേലം ചെയ്ത് വിൽക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.