തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിയായിട്ടും രാജിവെക്കില്ലെന്ന് വാശിപിടിച്ച നഗരസഭ ചെയർമാൻ നാടകീയമായി രാജി പ്രഖ്യാപിച്ചു. രാജിവെക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞ ചെയർമാൻ സനീഷ് ജോർജ്, അവിശ്വാസത്തെ എല്ലാ മുന്നണികളും പിന്തുണക്കുമെന്ന് ഉറപ്പായതോടെയാണ് നിലപാട് മാറ്റിയത്. അതേസമയം, അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ രാജിക്കത്ത് കൈമാറിയിട്ടില്ല. അവിശ്വാസം ചർച്ചക്കെടുക്കുന്ന തിങ്കളാഴ്ച രാവിലെ രാജിക്കത്ത് നൽകുമെന്നാണ് സൂചന.
കൈക്കൂലി കേസിൽ പ്രതിയായി ഒരുമാസത്തിന് ശേഷമാണ് രാജി പ്രഖ്യാപനം. ഇതോടെ നഗരസഭയിലെ കൈക്കൂലി വിവാദം പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്.
താന്‍ രാജിവെച്ചാല്‍ ആരോപണങ്ങള്‍ ശരിയെന്ന് ജനം വിശ്വസിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ചെയര്മാന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാരും സി.പി.എം നേതൃത്വവും ആവശ്യപ്പെട്ടിട്ടും രാജിക്ക് വഴങ്ങാതിരുന്ന ചെയര്മാന് എൽ.ഡി.എഫ് തന്നെ അവിശ്വാസ നോട്ടീസ് നല്‍കിയതോടെയാണ് വെട്ടിലായത്.
ഭൂരിപക്ഷം ഇല്ലാത്തതിനാൽ പ്രമേയം പാസാകില്ലെന്ന പ്രതീക്ഷയിൽ ഇരിക്കെയാണ് യു.ഡി.എഫും ബി.ജെ.പിയും അടക്കം അവിശ്വാസത്തെ പിന്തുണക്കാൻ തീരുമാനിച്ചത്. അവിശ്വാസത്തിലൂടെ പുറത്തു പോകുന്നതിനെക്കാള്‍ രാജിവെച്ച് ഒഴിയുന്നതാണ് നല്ലതെന്ന തീരുമാനത്തിലേക്ക് ചെയര്മാന് എത്തിയത് ഗത്യന്തരമില്ലാതെയാണ്. നഗരസഭ കൗൺസിലർമാരുടെ സമ്മർദവും വികാരവും കണക്കിലെടുത്താണ് രാജിയെന്ന വിചിത്ര ന്യായമാണ് ചെയർമാൻ നൽകുന്നത്. എന്നാൽ രാജിയിലൂടെ വിഷയത്തിൽ നിന്ന് തലയൂരാൻ എൽ.ഡി.എഫിനായി.
രാജിവെച്ചത് യു.ഡി.എഫിനും ഗുണമായി. അതല്ലെങ്കില്‍ എൽ.ഡി.എഫിന്റെ അവിശ്വാസത്തെ പിന്തുണക്കേണ്ടി വന്നേനെ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒമ്പതാം വാര്‍ഡില്‍ ചൊവ്വാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പ് നിർണായകമാകും.
അടുത്ത ചെയര്മാന് തെരഞ്ഞെടുപ്പില്‍ സനീഷിന്റെ നിലപാട് എന്താകുമെന്നത് നിർണായകമാണ്. സ്വതന്ത്രനായി തുടരുമെന്നും മുന്നണികളോട് സമദൂരമാണെന്നും രാജി പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ പറഞ്ഞതെങ്കിലും സനീഷ് ജോര്‍ജ്ജിന്റെ നിലപാട് സമ്മർദ തന്ത്രമായി വേണം കരുതാന്‍. എൽ.ഡി.എഫിനെതിരെ പ്രത്യേകിച്ച് സി.പി.എം. നേതാക്കൾക്കെതിരെ അഴിമതി ഉന്നയിക്കുമെന്ന സൂചന പ്രതി ചേർക്കപ്പെട്ട വേളയിൽ ചെയർമാൻ നൽകിയെങ്കിലും ഇതിന് തയാറാകാതെ മുന്നണികളോട് മൃദു സമീപനമെന്ന പുതിയ നിലപാട് എടുക്കുകയാണ് ഇപ്പോൾ. തന്റെ കാലത്തെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ ചെയര്മാന്, ഇതിന് ഒരു രാഷ്ട്രീയക്കാരും സഹായിച്ചിട്ടില്ല എന്ന് വ്യക്തമാക്കി സി.പി.എമ്മിനെ തള്ളിപ്പറയുന്ന സൂചനയും നൽകി.
അഴിമതി കേസിൽ ഒരു പങ്കുമില്ല. ഇത് വിജിലൻസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോടതിയെയും സത്യാവസ്ഥ ധരിപ്പിക്കാമെന്ന വിശ്വാസമുണ്ടെന്നും സനീഷ് ജോർജ് പറഞ്ഞു. കുമ്പംകല്ല് ബി.ടി.എം സ്കൂളിന്റെ ഫിറ്റ്നസ് തരപ്പെടുത്താൻ മാനേജറിൽനിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ മുൻസിപ്പൽ എൻജിനീയർ വിജിലൻസ് പിടിയിലായിരുന്നു.
ഈ കേസിലാണ് ചെയർമാൻ രണ്ടാം പ്രതിയായത്. നഗരസഭയിൽ എല്‍.ഡി.എഫിന് ചെയര്‍മാനെ കൂടാതെ 13 അംഗങ്ങളും യു.ഡി.എഫിന് 12 അംഗങ്ങളുമുണ്ട്. ബി.ജെ.പിക്ക് എട്ടും. ഒരംഗം അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് ഇവിടെ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.