ഭക്ഷ്യോൽപാദന രംഗത്ത് സ്വയംപര്യാപ്തത ലക്ഷ്യം -മന്ത്രി ചിഞ്ചുറാണി

​-പച്ചപ്പുല്‍ കൃഷിയിലേക്ക് ക്ഷീര കര്‍ഷകര്‍ തിരിച്ച് വരണം തൊടുപുഴ: ഭക്ഷ്യോൽപാദന രംഗത്ത് സംസ്ഥാനത്തെ സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഉപ്പുകുന്ന് മൃഗാശുപത്രിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. കാലിത്തീറ്റയുടെയും പാലിന്‍റെയും വില നിയന്ത്രിക്കുന്നതിന് മില്‍മയും കേരള ഫീഡ്സും വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. പാലിന് കൊഴുപ്പ് കിട്ടാന്‍ പച്ചപ്പുല്ല് കൊടുക്കണം. തീറ്റപ്പുല്‍ കൃഷിക്ക് ഏക്കറിന് 16,000 രൂപ സബ്സിഡി നല്‍കുന്നുണ്ട്. പച്ചപ്പുല്‍ കൃഷിയിലേക്ക് ക്ഷീര കര്‍ഷകര്‍ തിരിച്ച് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ നിർമാണം പൂര്‍ത്തിയാക്കിയ 14 വീടുകളുടെ താക്കോല്‍ദാനവും മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. ക്ഷീരമേഖലയിലെ കുട്ടിക്കര്‍ഷകനായ മാത്യു ബെന്നിയെ മന്ത്രി ആദരിച്ചു. പി.ജെ. ജോസഫ് എം.എല്‍.എ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. ഉപ്പുകുന്ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം. ലതീഷ്, ത്രിതല പഞ്ചായത്ത്​ അംഗങ്ങളായ ഇന്ദു സുധാകരന്‍, നൈസി ഡെനില്‍, ബിന്ദു രവീന്ദ്രന്‍, ശാന്തമ്മ ജോയി, ബീന രവീന്ദ്രന്‍, സുലൈഷ സലീം, കെ.ആര്‍. ഗോപി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി.ജെ. ഉലഹന്നാന്‍, എബി ഡി.കോലോത്ത്, പി.എന്‍. നൗഷാദ്, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ജയ ചാണ്ടി, അസി. പ്രോജക്ട് ഓഫിസര്‍ ബിജു ജെ.ചെമ്പരത്തി, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രാര്‍ ഡോ. ജിജിമോന്‍ ജോസഫ്, കോടികുളം വെറ്ററിനറി സര്‍ജന്‍ പി.എം. ബിജുരാജ് എന്നിവര്‍ സംസാരിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് ഇനി സബ്സിഡി നേരിട്ട് -മന്ത്രി തൊടുപുഴ: കര്‍ഷകരെ സഹായിക്കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് എല്ലാ മാസവും സബ്സിഡി നേരിട്ട് നല്‍കാനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാറെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. പാലിന്‍റെ കൊഴുപ്പും ഗുണമേന്മയും വര്‍ധിപ്പിക്കാന്‍ സൈലേജ് സംവിധാനം (വായു കടക്കാത്ത അറയില്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിച്ചുവെച്ചിരിക്കുന്ന പച്ചപ്പുല്ല് /ചോളം) സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ടെലി വെറ്ററിനറി സര്‍വിസിന്‍റെ ഭാഗമായി എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സ് സൗകര്യം ഒരുക്കുമെന്നും കൂടാതെ പാലും പാല്‍ ഉൽപന്നങ്ങളും വര്‍ധന ലക്ഷ്യംവെച്ച് നിരവധി സമഗ്ര പദ്ധതികളാണ് ക്ഷീരവികസന വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ​TDL MINISTER ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയായ ഉപ്പുകുന്നില്‍ ആരംഭിച്ച മൃഗാശുപത്രിയുടെ ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.