വൃക്കരോഗം തളർത്തിയ അമ്പിളി ചികിത്സക്ക് സഹായം തേടുന്നു

കട്ടപ്പന: വൃക്കരോഗം തളർത്തിയ അമ്പിളി ചികിത്സക്ക്​ വഴികാണാതെ ജീവിതത്തിന്​ മുന്നിൽ പകച്ചുനിൽക്കുകയാണ്​. 2015ൽ രോഗം കണ്ടെത്തുംവരെ സന്തോഷംനിറഞ്ഞ കുടുംബജീവിതവും ഏകമകളുടെ വിദ്യാഭ്യാസവും ഭദ്രമാക്കാനുള്ള ഓട്ടത്തിലായിരുന്നു അമ്പലക്കവല വി.ടി പടിയിൽ താമസിക്കുന്ന മംഗലത്ത അമ്പിളി. എന്നാൽ, വൃക്കരോഗം ആ സ്വപ്​നങ്ങളെയെല്ലാം തകർത്തു. രോഗശയ്യയിലായ ഭാര്യയെ ഭർത്താവ് പാതിരാത്രിയിൽ വീട്ടിൽനിന്ന് ഇറക്കിവിട്ടു. പിന്നീട് ഇങ്ങോട്ട് അമ്മ ചെല്ലമ്മ ഏലത്തോട്ടങ്ങളിൽ ജോലിക്കുപോയി ലഭിക്കുന്ന തുച്ഛമായ വരുമാനവും സുമനസ്സുകളുടെ സഹായവും കൊണ്ടാണ്​ ചികിത്സ തുടരുന്നത്. ഡയാലിസിസ് ചെയ്തതുകൊണ്ടോ മരുന്ന് കഴിച്ചതുകൊണ്ടോ പരിഹാരമാകില്ല എന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്. തകരാറിലായ രണ്ടു വൃക്കകളിൽ ഏതെങ്കിലും ഒന്ന്​ മാറ്റിവെക്കണം. മാതാവ് ചെല്ലമ്മ വൃക്ക നൽകാൻ തയാറാണെങ്കിലും ഇതിനായി 15 ലക്ഷം രൂപ ആവശ്യമാണ്. ആകെയുള്ള ആറ് സെന്‍റ്​ പുരയിടം ചികിത്സ ചെലവിനായി നേരത്തേ പണയപ്പെടുത്തിയിരുന്നു. തിരിച്ചടവ്​ മുടങ്ങിയതോടെ കിടപ്പാടം ജപ്തി ഭീഷണിയിലാണ്. നിലവിൽ ആഴ്ച്ചയിൽ മൂന്നുതവണയാണ് ഡയാലിസിസ്​. ഒരെണ്ണത്തിന്​ 2300 രൂപ ചെലവാകും. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ യൂനിറ്റിൽ നാലുമാസം ഡയാലിസിസ് നടത്തിയെങ്കിലും പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. ആരോഗ്യനിലയിലുണ്ടായ ഏറ്റക്കുറച്ചിലാണ് ​സ്വകാര്യ ആശുപത്രിയിലേക്ക്​ മാറാൻ കാരണം. സുമനസ്സുകളുടെ സഹായം കാത്തിരിക്കുകയാണ്​ അമ്പിളി. ഗൂഗിൾ പേ- 7510466867.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.