കട്ടപ്പന: ജില്ലയിലെ ഏലം ഉൽപാദനത്തിൽ കനത്ത ഇടിവ് ഉണ്ടായതോടെ ഓൺലൈൻ ലേലകേന്ദ്രങ്ങളിൽ വിൽപനക്കായി കർഷകർ പതിക്കുന്ന ഏലക്കയുടെ അളവ് നേർപകുതിയായി.
ഇതോടെ ഏലക്ക വിലയിൽ ഉണ്ടായ കുതിപ്പിന് തടയിടാൻ ലേല ഏജൻസികളും വ്യാപാരികളും ചേർന്ന് റീ പൂളിങ് കള്ളക്കളി തുടങ്ങി. ലേലത്തിൽ കർഷകർ വിൽപനക്കായി പതിക്കുന്ന ഏലക്ക, വ്യാപാരികൾ ലേലത്തിൽ പിടിക്കുകയും വീണ്ടും ഇതേ ഏലക്ക തന്നെ വ്യാപാരികൾ അടുത്തുവരുന്ന ഏതെങ്കിലും ലേലത്തിൽ വിൽപനക്കായി വീണ്ടും പതിക്കുകയും അതുവഴി ഏലത്തിന്റെ വില ഇടിക്കാൻ ശ്രമിക്കുന്ന റീ പൂളിങ് കള്ളക്കളിയാണ് ഇപ്പോൾ നടക്കുന്നത്. ഓൺലൈൻ ലേലത്തിൽ ഓരോ ലേലത്തിനും എത്തുന്ന ആകെ ഏലക്കയുടെ അളവിൽ കാര്യമായ കുറവില്ലെന്ന് വരുത്തി ഡിമാൻഡും വിലയും ഉയരുന്നത് തടയുകയാണ് ഇതിനുപിന്നിൽ.
പുറ്റടി സ്പൈസസ് പാർക്കിൽ ചൊവ്വാഴ്ച നടന്ന ഗ്രീൻ ഹൗസ് കാർഡമം മാർക്കറ്റിങ് കമ്പനിയുടെ ഓൺലൈൻ ലേലത്തിൽ വിൽപനക്കായി 59604.8 കിലോഗ്രാം പതിച്ചതിൽ 58513 കിലോഗ്രാമും വിറ്റു പോയപ്പോൾ കൂടിയ വില 3309.00 രൂപയും ശരാശരി വില 2918.47 രൂപയുമാണ് കർഷകർക്ക് ലഭിച്ചത്.
എന്നാൽ, തിങ്കളാഴ്ച ഇന്ത്യൻ ഏലത്തിന്റെ കൂടിയ വില കിലോഗ്രാമിന് 4000 രൂപ കടന്നിരുന്നു. ഒരുദിവസം കഴിഞ്ഞ് നടന്ന ലേലത്തിൽ കൂടിയ വില 3309 രൂപയായി ഇടിഞ്ഞു. ഒറ്റ ദിവസത്തിനിടെ കൂടിയ വിലയിൽ ഉണ്ടായ 690 രൂപയുടെ വലിയ അന്തരം ലേല ഏജൻസികളുടെയും വ്യാപാരികളുടെയും കള്ളക്കളി മൂലമാണെന്ന ആരോപണമാണ് ഉയരുന്നത്. ശരാശരി വിലയിലും 32 രൂപയുടെ ഇടിവുണ്ടായി.
കാലാവസ്ഥ വ്യതിയാനവും കനത്ത വേനൽച്ചുടും മൂലം ജില്ലയിലെ ഏലം ഉൽപാദനത്തിൽ 50 ശതമാനത്തിലധികം ഇടിവാണ് ഈ വർഷം ഉണ്ടായത്. മുൻവർഷങ്ങളിൽ എല്ലാ ദിവസവും ഓൺലൈൻ ലേലത്തിന് ശരാശരി ഒരുലക്ഷത്തിലധികം ഏലക്ക വിൽപനക്കായി കർഷകർ പതിച്ചിരുന്നു.
എന്നാൽ, ഉൽപാദന ക്കുറവിനെ തുടർന്ന് ഈ വർഷം ശരാശരി 40000 മുതൽ 65000 കിലോഗ്രാം ഏലക്ക മാത്രമാണ് വിൽപനക്കായി ലേലകേന്ദ്രങ്ങളിൽ പതിയുന്നത്. റീ പൂളിങ് തന്ത്രത്തിന് തടയിടാൻ സ്പൈസസ് ബോർഡ് കർശന നടപടി സ്വീകരിച്ചിരുന്നെങ്കിലും പലപ്പോഴും വ്യാപാരികൾ ഇതിനെ മറികടന്നിരുന്നു. ഇ ലേലം നടക്കുമ്പോൾ കർഷകരുടെയും വ്യാപാരികളുടെയും ഏലക്ക പ്രത്യേകം വേർതിരിച്ച് ലേലത്തിന് വെക്കാനുള്ള നടപടിയാണ് സ്പൈസസ് ബോർഡ് സ്വീകരിച്ചത്.
ലേലങ്ങളില്‍ പതിക്കുന്ന കര്‍ഷകരുടെ ഏലക്ക പി (P) എന്നും വ്യാപാരികളുടെ ഏലക്ക ടി (T) എന്നും മാര്‍ക്ക് ചെയ്താണ് വില്പനക്ക് വെക്കാനായിരുന്നു സ്പൈസസ് ബോര്‍ഡിന്റെ നിർദേശം.
ഏലത്തിന്റെ വിലയിടിക്കാൻ നടത്തുന്ന കള്ളക്കളി അവസാനിപ്പിക്കാൻ സ്പൈസസ് ബോർഡ് നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.