* ഇതുവരെ മിന്നലേറ്റ് മരിച്ചത് നാലുപേർ ചെറുതോണി: മഴ എത്തിയതോടെ മിന്നൽ ഭീഷണിയിലാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താൻ ഗ്രാമവാസികൾ. വ്യാഴാഴ്ച ഒരു കർഷകൻ കൂടി മിന്നലിൽ മരിച്ചതോടെ ഭീതി ഇരട്ടിച്ചു. പൊന്നെടുത്താനിൽ മിന്നലേറ്റ് മരിക്കുന്ന നാലാമത്തെയാളാണ് വ്യാഴാഴ്ച മരിച്ച പാട്ടത്തിൽ തങ്കച്ചൻ. ജില്ലയിൽ ഏറ്റവും കൂടുതൽ മിന്നൽ അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് കഞ്ഞിക്കുഴിയും വാഗമണുമെന്നാണ് പഠനങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധർ റിപ്പോർട്ട് നൽകിയിട്ടുള്ളത്. തുലാവർഷത്തോടൊപ്പം വന്നെത്തുന്ന മിന്നലിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം വർധിക്കുമ്പോഴും അധികൃതർ മൗനത്തിലാണ്. 2001ലാണ് ഈ പ്രദേശത്ത് മിന്നൽ മൂലം ആദ്യമായി അപകടം സംഭവിക്കുന്നത്. അന്നു മുതൽ തുടർച്ചയായി എല്ലാ വർഷവും ഈ പ്രദേശത്ത് മിന്നലേൽക്കുന്നു. ഇതിനിടയിൽ മൂന്നുപേർ മിന്നലേറ്റ് മരിക്കുകയും ഇരുപതിലധികം വളർത്തുമൃഗങ്ങൾ ചാവുകയും 25ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മഴക്കാലമായായൽ മിന്നൽ പേടിച്ച് വീടുപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറ്റിയവരുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഭൗതിക സാഹചര്യങ്ങളിലുണ്ടായ മാറ്റവുമാണ് മിന്നൽ അപകടങ്ങൾക്ക് പിന്നിലെന്ന് വിലയിരുത്തലുണ്ട്. മഴയോടു കൂടി ഏപ്രിൽ -മേയ് മാസങ്ങളിൽ മിന്നൽ ഇവിടെ സാധാരണമാണ്. പാറപോലെ ഉറച്ച മണ്ണുള്ള പ്രദേശങ്ങളിലും മിന്നൽ അപകടം കൂടുതലാണ്. മുമ്പ് ഈ പ്രദേശം സന്ദർശിച്ച വിദഗ്ധ സംഘം വർധിച്ചുവരുന്ന മിന്നൽ നിയന്ത്രിക്കാൻ ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും മിന്നൽ ദുരന്തഭീഷണിയുടെ തോത് കുറക്കാൻ ലൈറ്റിങ് സെൻസറുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. പൊന്നരത്താനിൽ മാത്രമല്ല ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലും മിന്നൽ ഭീതിയുണ്ട്. വാഗമൺ, ഇരട്ടയാർ രാജാക്കാട്, കൗന്തി, ചെമ്പകപ്പാറ എന്നീ സ്ഥലങ്ങളും മിന്നൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള പട്ടികയിലാണ്. 2009ൽ പട്ടയക്കുടിയിൽ ഒരമ്മയും മകളും മിന്നലേറ്റ് മരിച്ചത് നാട്ടുകാരിൽ ഭീതി പടർത്തിയിരുന്നു. 2010ൽ വാഗമണിൽ അയൽക്കൂട്ടം കൂടുന്നതിനിടെ മൂന്നുപേരാണ് മിന്നലേറ്റ് മരിച്ചത്. പുള്ളിക്കാനം തോട്ടം മേഖലയിൽ മിന്നലേറ്റ് മൂന്ന് തൊഴിലാളികൾ മരിച്ചത് എട്ടു വർഷം മുമ്പാണ്. പിറ്റേ വർഷം ചീന്തലാറിൽ രണ്ട് തോട്ടം തൊഴിലാളികൾ മരിച്ചു. തൊട്ടടുത്ത വർഷം വാഗമണിൽ രണ്ട് ഐസ്ക്രീം തൊഴിലാളികൾ മരിച്ചു. മിന്നലിൽ പരിക്കേൽക്കുന്നവരുടെ എണ്ണവും കുറവല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.