തൊടുപുഴ: ജില്ലയിൽ തെരുവിൽ അലഞ്ഞുതിരിയുന്ന നായ്ക്കളുടെയും മറ്റും കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ജനുവരി ഒന്നു മുതൽ ഞായറാഴ്ച വരെ ജില്ലയിൽ 5423 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. കഴിഞ്ഞയാഴ്ച മാത്രം 106 പേർക്ക് കടിയേറ്റതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഈമാസം 397 പേര്‍ക്കും കടിയേറ്റു.
എന്നാൽ, നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുമ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. പാതയോരങ്ങളിലും മറ്റും കൂട്ടത്തോടെയാണ് നായ്ക്കൾ തമ്പടിക്കുന്നത്. തൊടുപുഴ നഗരത്തിൽ പല ഭാഗത്തും കടവരാന്തകളും മറ്റും നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. പുലർച്ചയാണ് നായ്ക്കൾ പലയിടങ്ങളിലും കൂട്ടമായെത്തുന്നത്.
പ്രഭാത നടത്തത്തിന് ഇറങ്ങുന്നവര്‍ക്കും പുലർച്ച ജോലിക്കു പോകുന്നവര്‍ക്കുമെല്ലാം ഇവ ഭീഷണിയാണ്. വീടുകളിൽ വളര്‍ത്തുന്നതും ഉടമസ്ഥരില്ലാതെ തെരുവുകളിലൂടെ അലഞ്ഞു നടക്കുന്നതും ഉള്‍പ്പെടെയുള്ളവയുടെ ആക്രമണങ്ങൾ അടിക്കടിയുണ്ടാകുന്നത് വലിയ ഭീഷണിയാണുയര്‍ത്തുന്നത്.
കറങ്ങി നടക്കുന്നത് കൂട്ടത്തോടെ
തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാന്‍ഡ്, കാഞ്ഞിരമറ്റം ജങ്ഷൻ, ധന്വന്തരി ജങ്ഷൻ, അമ്പലം ബൈപാസ് എന്നിവിടങ്ങളിലെ വെയിറ്റിങ് ഷെഡുകൾ, ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിലെല്ലാം രാപ്പകൽ വ്യത്യാസമില്ലാതെയാണ് തെരുവുനായ്ക്കൾ കറങ്ങുന്നത്. ബസ് സ്റ്റാന്‍ഡിലൂടെ നടന്ന് പോകുന്നവര്‍ക്ക് നേരെയും ബസ് കാത്ത് നില്‍ക്കുന്നവര്‍ക്ക് നേരെയും ഇവറ്റകൾ കുരച്ചുകൊണ്ട് പാഞ്ഞടുക്കാറുണ്ട്. പല സ്ഥലത്തും ആശുപത്രി പരിസരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, അടഞ്ഞ് കിടക്കുന്ന കെട്ടിടങ്ങൾ, സര്‍ക്കാർ സ്ഥാപനങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നായ്ക്കൾ കൂട്ടത്തോടെയാണ് തമ്പടിക്കുന്നത്. മറ്റുള്ളവര്‍ക്ക് ഉപദ്രവമാകാതെ വീടുകളിൽ വളര്‍ത്താൻ ലൈസന്‍സ് എടുത്തിട്ടുള്ള നായ്ക്കളെയും പുറത്തേക്ക് അഴിച്ച് വിടുന്നതായി വ്യാപകമായ പരാതികളാണ് പല തദ്ദേശ സ്ഥാപനങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും ലഭിക്കുന്നത്. നായ്ക്കളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിൽ ഇവയുടെ വംശവർധന തടയാനാവശ്യമായ പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉയരുന്നുണ്ട്.
എ.ബി.സി പദ്ധതി; സെന്ററുകൾ സജ്ജമായില്ല
തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ എ.ബി.സി സെന്റർ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ലക്ഷ്യംകണ്ടില്ല. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് മുനിസിപ്പാലിറ്റികൾ അഞ്ചുലക്ഷം വീതം സമാഹരിച്ച് സെന്റർ ക്രമീകരിക്കാനാണ് തീരുമാനമുണ്ടായെങ്കിലും പദ്ധതി യാഥാർഥ്യമായില്ല.
ഓരോ പ്രദേശത്തെയും നായ്ക്കളുടെ എണ്ണമനുസരിച്ച് രണ്ട് ബ്ലോക്കുകള്‍ക്ക് ഒരെണ്ണം എന്ന നിലയിൽ ഓപറേഷൻ തിയറ്റർ, നായ്ക്കളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടർ എന്നിവ ഒരുക്കാനും ഇതോടൊപ്പം വെറ്ററിനറി സര്‍ജന്റെ നിര്‍ദേശപ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കാനും തീരുമാനിച്ചിരുന്നു. ഓപറേഷൻ തിയറ്റർ കൂടാതെ പോസ്റ്റ് ആൻഡ് പ്രീ ഓപറേഷൻ കെയർ യൂനിറ്റ്, സ്റ്റോർ, സി.സി ടി.വി, ടി.വി, എ.സി, കിച്ചൺ എന്നീ മാനദണ്ഡ പ്രകാരം ജില്ലയിൽ സെന്ററുകൾ സ്ഥാപിക്കാനായിരുന്നു ഉദ്ദേശ്യം.
എന്നാൽ, എതിർപ്പുകൾ ഉയർന്നതോടെ പദ്ധതി നടത്തിപ്പ് പാളി. 2012ലാണ് എ.ബി.സി പദ്ധതി പ്രഖ്യാപിച്ചതെങ്കിലും വേണ്ടത്ര രീതിയിൽ ജില്ലയിൽ വിജയം കണ്ടില്ല.
തുടർന്നാണ് വിവിധ ഇടങ്ങളിൽ സെന്റർ തുടങ്ങാൻ തീരുമാനിക്കുന്നത്. അതേസമയം, ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതിനുള്ള നടപടികൾ പൂർത്തിയായി വരുകയാണെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.