ബൈക്ക്​ ട്രാൻസ്‌ഫോർമറിന്‍റെ വേലിക്കെട്ടിൽ വീണ സംഭവം; കേസെടുത്തു

തൊടുപുഴ: വെള്ളയാംകുടിയിൽ അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് ട്രാൻസ്‌ഫോർമറിന്‍റെ വേലിക്കെട്ടിനുള്ളിൽ പതിച്ച സംഭവത്തിൽ വാഹനം ഓടിച്ച വിഷ്ണു പ്രസാദിനെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും കേസെടുത്തു​. സംഭവത്തിൽ നടപടിയെടുക്കണമെന്ന് ട്രാൻസ്പോർട്ട് കമീഷണറും ഉത്തരവിട്ടിട്ടുണ്ട്. തുടർന്ന് അപകടത്തിൽപെട്ട ബൈക്ക് ഉൾപ്പെടെ മൂന്ന് ബൈക്കുകൾ കട്ടപ്പന പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകീട്ടാണ്​ വെള്ളയാംകുടിയിൽ അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് ട്രാൻസ്ഫോർമറിന്‍റെ വേലിക്കുള്ളിലേക്ക് വീണത്. വായുവിൽ ഉയർന്നുപൊങ്ങി മൂന്നുതവണ മറിഞ്ഞ ശേഷമാണ് ബൈക്ക് ട്രാൻസ്ഫോർമർ വേലിക്കുള്ളിൽ പതിച്ചത്. കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണുപ്രസാദ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പിറകെയെത്തിയ ബൈക്കുകളിലൊന്നിലാണ് ഇയാൾ സ്ഥലത്തുനിന്ന്​ പോയത്. സംഭവം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ മത്സരയോട്ടം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്​. ഇതേ തുടർന്നാണ് ഒപ്പമുണ്ടായിരുന്ന നാല്​ ബൈക്കുകൾ ഓടിച്ചിരുന്നവരെ കണ്ടെത്താൻ ഇടുക്കി എൻഫോഴ്സ്​മൻെറ് ആർ.ടി.ഒ കട്ടപ്പന ഡിവൈ.എസ്.പിക്ക് കത്ത്​ നൽകിയത്. അമിതവേഗത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണംകാണിക്കാൻ നോട്ടീസ് നൽകി. അടുത്തദിവസം വാഹന രേഖകളുമായി ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ 12,500 രൂപയുടെ നഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ ഇല്ട്രിസിറ്റി ആക്ട് അടക്കം ഉൾപ്പെടുത്തിയാണ് വിഷ്ണുപ്രസാദിനെതിരെ പൊലീസ്​ കേസെടുത്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.