കുമളിയെ കടുവ സങ്കേതം വിഴുങ്ങുമോ? ആശങ്കയിൽ ജനം

കുമളി: വനഭൂമിക്ക് പുറത്ത് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല പ്രദേശം വേണമെന്ന സുപ്രീം കോടതി ഉത്തരവെത്തിയതോടെ ഹൈറേഞ്ചിലെ പ്രമുഖ പട്ടണമായ കുമളിയുടെ സ്ഥിതി ആശങ്കാജനകമായി. കടുവ സങ്കേതവും അതിനു നടുവിലുള്ള തേക്കടി തടാകവും വിവിധ ഇക്കോ ടൂറിസം പരിപാടികളാൽ നിറഞ്ഞപ്പോൾ തേക്കടി തേടിയെത്തിയ സഞ്ചാരികളാൽ വലിയനേട്ടം ഉണ്ടാക്കിയ പട്ടണമാണ് കുമളി. എന്നാൽ, ഇതേ കടുവസങ്കേതം തന്നെ വികസനത്തിന് തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ നാട്ടുകാർ. പെരിയാർ കടുവ സങ്കേതത്തിന്‍റെ ഈസ്റ്റ്, വെസ്റ്റ് ഡിവിഷനുകളിലായി 925 ചതുരശ്ര കിലോമീറ്ററാണ് വനഭൂമി ഉള്ളത്. കുമളിക്ക് പുറമേ വണ്ടിപ്പെരിയാർ, പീരുമേട് ഉൾപ്പെടെ ഹൈറേഞ്ചിലെ പല പഞ്ചായത്തുകളും സുപ്രീംകോടതി വിധിയോടെ പ്രതിസന്ധിയിലായിട്ടുണ്ട്. വനഭൂമി നിലവിൽ കോർ ഏരിയ എന്നും ബഫർ സോൺ എന്നും തരംതിരിച്ചിട്ടുണ്ട്. തേക്കടി ബോട്ട്ലാൻഡിങ്​ ഉൾപ്പെടെ പ്രദേശം ബഫർ സോണിലാണുള്ളത്. ഈ മേഖല കേന്ദ്രീകരിച്ചാണ് നിലവിൽ വിവിധ ഇക്കോ ടൂറിസം പരിപാടികൾ നടക്കുന്നത്. കോടതി ഉത്തരവ് പ്രകാരം തേക്കടി ചെക്​ പോസ്റ്റിന്​ പുറത്തേക്ക് ഒരു കിലോമീറ്റർ കൂടി പരിസ്ഥിതിലോല മേഖലയാക്കി നിശ്ചയിച്ചാൽ കുമളി ടൗൺ പൂർണമായും ഇതിന്‍റെ പരിധിയിൽ വരും. ടൗണിന്​ സമീപം റോസാപ്പൂക്കണ്ടം, താമരക്കണ്ടം എന്നീ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ ചെളിമട, സ്​പ്രിങ്​ വാലി തുടങ്ങി കാർഷിക മേഖലകൾ എന്നിവയെല്ലാം പരിധിക്കുള്ളിൽ വരുന്നത് ദൂരവ്യാപക പ്രതിസന്ധി സൃഷ്ടിക്കും. ഈ മേഖലകളിൽ കെട്ടിടനിർമാണം, അറ്റകുറ്റപ്പണികൾ എന്നിവക്കെല്ലാം പഞ്ചായത്തുകൾക്കൊപ്പം വനം വകുപ്പിന്‍റെ അനുമതിയും ആവശ്യമായി വരും. വിനോദ സഞ്ചാരികളുടെ വരവോടെ വളർന്ന തേക്കടി, കുമളി, മേഖലകളിലെ നൂറുകണക്കിന് സ്ഥാപനങ്ങൾ, തൊഴിൽ മേഖലകൾ വലിയ തിരിച്ചടി നേരിടുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. മുല്ലപ്പെരിയാർ വെള്ളപ്പൊക്കത്തിന്‍റെ പേരിൽ വർഷം തോറും വലിയ തിരിച്ചടികൾ നേരിടുന്ന തേക്കടിയിലെ ടൂറിസം മേഖലയ്ക്ക് സുപ്രീംകോടതി വിധി ഇരട്ടി ആഘാതമാണ് സൃഷ്ടിക്കുക. വനമേഖലയിൽ നിന്നുള്ള ജീവികൾ കൃഷിയിടങ്ങളിലിറങ്ങി വിളകൾ നശിപ്പിക്കുന്നത് പതിവായ ഹൈറേഞ്ചിൽ ഇതിനെതിരെ നടപടി സ്വീകരിക്കുന്നതിൽ വനം വകുപ്പ് വിമുഖത കാണിക്കുന്നത് പതിവാണ്. പുതിയ വിധിയോടെ വനമേഖലയുടെ അതിർത്തികൾ അടയ്ക്കുന്ന ജോലികൾ മന്ദഗതിയിലാകും. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തെ സംസ്ഥാന സർക്കാർ സമീപിക്കണമെന്നും കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണമെന്നും കുമളി ഗ്രാമപഞ്ചായത്തും വിവിധ രാഷ്ടീയകക്ഷി നേതാക്കളും വ്യാപാരി-കർഷക സംഘടന ഭാരവാഹികളും ആവശ്യപ്പെട്ടിട്ടുണ്ട്. വനമേഖലക്ക്​ പുറത്തെ പരിസ്ഥിതി ലോല പ്രദേശം എന്നത് നിലവിലുള്ള വനാതിർത്തിക്കുള്ളിൽ തന്നെ ഒതുക്കി നിർത്തി കൈയേറ്റങ്ങൾ ഉണ്ടെങ്കിൽ ഒഴിപ്പിച്ച് സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ........... cap: ടൂറിസം ശക്തിപ്പെട്ടതോടെ വളരെവേഗം വളർന്ന കുമളി ടൗൺ .......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.