ഇടുക്കിയെ സീറോ ആക്‌സിഡന്‍റ്​ ജില്ലയാക്കാൻ കർമപദ്ധതി

തൊടുപുഴ: ഇടുക്കിയെ സീറോ ആക്‌സിഡന്റ് ജില്ലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആറുമാസം നീളുന്ന വിവിധ പദ്ധതികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടാന്‍ വിവിധ മേഖലകളില്‍ കൂടുതല്‍ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. ആധുനിക വയർലെസ് സംവിധാനം ഉള്‍പ്പെടെ കൂടുതല്‍ ക്രമീകരണങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനങ്ങളില്‍ സജ്ജമാക്കും. ആറുമാസത്തിനുള്ളില്‍ ജില്ലയെ പൂര്‍ണമായും അപകടരഹിതമാക്കുന്ന ഊര്‍ജിത കര്‍മപദ്ധതികളാണ് നടപ്പാക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീര്‍ പറഞ്ഞു. ജില്ലയില്‍ അപകടങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ പഞ്ചായത്തുകളിലും ജനപ്രതിനിധികള്‍ക്ക് റോഡ് സുരക്ഷ ക്ലാസുകള്‍ നല്‍കും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിശീലന ക്ലാസുകള്‍ പൊതുപ്രവര്‍ത്തകര്‍ക്കായി ഓരോ വാര്‍ഡിലും നടപ്പാക്കും. ജനപ്രതിനിധികള്‍ക്കായുള്ള പരിശീലന പരിപാടി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഇതിനകം ആരംഭിച്ചു. മറയൂര്‍, നെടുങ്കണ്ടം പഞ്ചായത്തുകളിലായിരുന്നു ആദ്യഘട്ട പരിശീലനം. 28ന് കരുണാപുരം പഞ്ചായത്തിലും പരിശീലന ക്ലാസ് സംഘടിപ്പിക്കും. തൊടുപുഴ നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്കായി മാർച്ച്​ 16ന് രാവിലെ 10.30ന് ഏകദിന റോഡ് സുരക്ഷ പരിശീലന ക്ലാസ് സംഘടിപ്പിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പദ്ധതി സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ വ്യാഴാഴ്​ച നഗരസഭ കൗണ്‍സിലില്‍ വിശദീകരിച്ചു. മങ്ങാട്ടുകവലയില്‍ പ്രത്യേക മാസ്റ്റര്‍ പ്ലാൻ ഗതാഗത സംവിധാനത്തിലെ അശാസ്ത്രീയതമൂലം അപകടങ്ങള്‍ പതിവാകുന്ന തൊടുപുഴ-മങ്ങാട്ടുകവലയില്‍ പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനം. എന്‍ഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ മങ്ങാട്ടുകവലയില്‍ സന്ദര്‍ശനം നടത്തി. മര്‍ച്ചന്‍റ്​സ്​ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ്​ സാലി എസ്. മുഹമ്മദിന്റെ പരാതിയെത്തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്. വാഹനങ്ങള്‍ ഇവിടെ ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കാതെ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതായും ഗതാഗത നിയമ ലംഘനങ്ങള്‍ നടക്കുന്നതായും സന്ദര്‍ശനത്തില്‍ ബോധ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇവിടെ അപകടങ്ങള്‍ കുറക്കാൻ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ്​ വിഭാഗം എം.വി.ഐയെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക്​ നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മിറ്റിക്കു മുമ്പാകെ സമര്‍പ്പിച്ച് നടപ്പാക്കാനാണ് തീരുമാനം. ​TDL NEWS CUTTING

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.