ആനകൾ അടിക്കടി കാടിറങ്ങുന്നു; കാരണം തേടി വനം വകുപ്പ്​

തൊടുപുഴ: കുടിയേറ്റകാലത്തുപോലും ഇല്ലാത്തവിധം ചിന്നക്കനാൽ മേഖലയിലടക്കം ആനകൾ കൂട്ടത്തോടെ കാടിറങ്ങി ജനവാസകേന്ദ്രങ്ങളിലേക്ക്​ എത്തുന്നതി‍ൻെറ കാരണം തേടി വനം വകുപ്പ്​. ആന ഗവേഷകൻ ഡോ. സുരേന്ദ്രവർമയുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച്​ പഠനം ആ​രംഭിച്ചു. ചിന്നക്കനാൽ മേഖലയി​ൽ രൂക്ഷമായി വരുന്ന കാട്ടാനശല്യം തടയാൻ പദ്ധതി തയാറാക്കുന്നതിന്​ മുന്നോടിയാണ്​​ പഠനം. ചിന്നക്കനാൽ പ്രദേശത്ത്​ കാട്ടാന ശല്യം രൂക്ഷമാകുകയും പലരും ആനയുടെ ആക്രമണത്തിൽ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ദേവികുളം​ ഡി.എഫ്.ഒ രാജു ഫ്രാൻസിസി‍ൻെറ നിർദേശപ്രകാരമാണ്​ ഡോ. സുരേന്ദ്രവർ​മ ഇടുക്കിയിലെത്തി പഠനം നടത്തുന്നത്​. കാട്ടാനകൾ സ്വൈരവിഹാരം നടത്തുന്ന ജനവാസ മേഖലകൾ കേന്ദ്രീകരിച്ച്​ പ്രാഥമിക പഠനം പൂർത്തിയായി. കാട്ടാനകൾ സ്ഥിരമായി തമ്പടിക്കുന്ന സ്ഥലങ്ങളുടെ മാപ്പ്​ തയാറാക്കിയ ശേഷം അവയുടെ സഞ്ചാര മാർഗങ്ങൾ, ആഹാരരീതികൾ, സ്വഭാവ വ്യതിയാനങ്ങൾ എന്നിവ നേരിട്ട്​ നിരീക്ഷിച്ചായിരുന്നു പഠനം. ഇതി‍ൻെറ അടിസ്ഥാനത്തിൽ ഡോ. സുരേ​ന്ദ്രവർമ ചില നിർദേശങ്ങൾ വനം വകുപ്പിനു​ മുന്നിൽ വെച്ചിട്ടുണ്ട്​. കാട്ടിലെ ഭക്ഷണം തികയാത്തത്​ മാത്രമല്ല കൃഷിയിടങ്ങളിലെ പഴങ്ങളും പച്ചക്കറികളുമടക്കം ഇഷ്ടവിഭവങ്ങൾ ലക്ഷ്യമാക്കിയാണ്​ പലപ്പോഴും കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ എത്തുന്നതെന്നാണ്​ പഠനത്തിലെ കണ്ടെത്തൽ. ഏലത്തി‍ൻെറ വാടിയ തണ്ടുകൾ മുതൽ ചക്കവരെ ആനകളുടെ പ്രിയഭക്ഷണത്തിൽപെടുന്നു. ആനകളെ തടയാൻ സാധാരണ വേലികൾക്ക്​ പകരം തൂങ്ങിക്കിടക്കുന്ന വേലികളുടെ സാധ്യത പരിശോധിക്കുന്നുണ്ട്​. റേഡിയോ കോളര്‍ സംവിധാനം വഴി ആനകളെ നിരീക്ഷിക്കുന്നതടക്കം കാര്യങ്ങളും പരിഗണിക്കും. ചിന്നക്കനാൽ മേഖലയിൽ വനം വകുപ്പി‍ൻെറ കൈവശമുള്ള സ്ഥലത്തിനോട് ചേര്‍ന്ന് തരിശായ റവന്യൂ ഭൂമികൂടി ലഭ്യമാക്കുന്നത്​ സംബന്ധിച്ച്​ കൂടിയാലോചന നടത്തും. സ്ഥലം വിട്ടുകിട്ടിയാൽ അവിടം കാട്ടാനകൾക്കായി പ്രത്യേകം ഒഴിച്ചിടും. ഇഷ്ടഭക്ഷണം ആനകൾക്ക്​ എളുപ്പം ലഭിക്കാവുന്ന വിധം സൂക്ഷിക്കാതിരിക്കുക, വനമേഖലയോട്​ ചേർന്ന ജനവാസമേഖലകൾ ആനകളെ ആകർഷിക്കാത്തവിധം വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, വനമേഖലയിൽ മനുഷ്യസാമീപ്യം പരമാവധി ഒഴിവാക്കുക എന്നീ നിർദേശങ്ങളുമുണ്ട്​. പഠനത്തിലെ കണ്ടെത്തലുകൾ പ്രദേശവാസികളുമായി പങ്കുവെച്ച്​ അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി കണക്കിലെടുത്താകും പദ്ധതികൾ ആവിഷ്കരിക്കുകയെന്ന്​ ഡി.എഫ്​.ഒ രാജു ഫ്രാൻസിസ്​ പറഞ്ഞു. TDL elephant ചിന്നക്കനാൽ മേഖലയിലെ കാട്ടാനയെ നിരീക്ഷിക്കുന്ന ഡോ. സുരേന്ദ്രവർമ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.