വട്ടവട: ഓണമടുത്തതോടെ വിളവെടുപ്പിന് തയാറെടുക്കുകയാണ് പച്ചക്കറി ഗ്രാമമായ വട്ടവട. ഓണവിപണി മുന്നിൽകണ്ട് കർഷകർ വിത്തെറിഞ്ഞതൊക്കെയും വിളവെടുക്കാറായി.
കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, വെളുത്തുള്ളി, ബീൻസ്, ഗ്രീൻപീസ്, ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, ബ്രാക്കോളി, മല്ലിയില, പുതിന, മധുര മുള്ളങ്കി തുടങ്ങിയ നിരവധി പച്ചക്കറികളും സ്ട്രോബെറി, ഫാഷൻ ഫ്രൂട്ട്, അവക്കാഡോ, മരത്തക്കാളി തുടങ്ങിയ നിരവധി പഴവർഗങ്ങളും ഇവിടെ കൃഷിചെയ്യുന്നു.
ഏകദേശം 27,480 ടൺ പച്ചക്കറിയാണ് വട്ടവടയിലെ വാർഷിക ഉൽപാദനം. വർഷത്തിൽ മൂന്ന് സീസണിലാണ് വട്ടവടയിൽ കൃഷി. ഏപ്രിൽ, മെയ് മാസത്തിലെ വേനൽ മഴയോടെ ഒന്നാംവിള കൃഷിയാരംഭിക്കുന്നു. മേയ് മുതൽ സെപ്തംബർ വരെയുള്ള ആദ്യ സീസണാണ് ഓണക്കാലത്തെ സമൃദ്ധമാക്കുന്നത്.
കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, പലയിനം ബീൻസുകൾ, വെളുത്തുള്ളി എന്നിവയാണ് ഈ സമയത്തെ പ്രധാന കൃഷി. ഇവയിൽ ഭൂരിപക്ഷവും ഓണക്കാലത്ത് വിളവെടുക്കാൻ പാകമാകും. എന്നാൽ ഇത്തവണ ഉഷ്ണ തരംഗവും വൈകിയെത്തിയ മഴയും കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. 160 ഹെക്ടറിൽ കാരറ്റ്, 210 ഹെക്ടറിൽ കാബേജ്, 350 ഹെക്ടറിൽ ഉരുളക്കിഴങ്ങ്, 150 ഹെക്ടറിൽ ബീൻസ്, 80 ഹെക്ടറിൽ വെളുത്തുള്ളി എന്നിങ്ങനെയാണ് ഈ സീസണിലെ കൃഷി.
2400 ടൺ കാരറ്റ്, 3990 ടൺ കാബേജ്, 4550 ടൺ ഉരുളക്കിഴങ്ങ്, 1275 ടൺ ബീൻസ്, 640 ടൺ വെളുത്തുള്ളി എന്നിങ്ങനെയാണ് 2023ലെ കണക്കനുസരിച്ച് ശരാശരി ഉൽപാദനം. എന്നാൽ കാലാവസ്ഥ ചതിച്ചതോടെ വിളവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് കർഷകർ പറയുന്നു. മിതമായ അളവിൽ തുടർച്ചയായി മഴ ലഭിക്കുമ്പോഴാണ് മികച്ച ഉൽപാദനം ഉണ്ടാകുക.
ഹെക്ടർ കണക്കിന് ആദ്യ വിളകൾ ഉഷ്ണതരംഗത്തിലും തുടർന്നുവന്ന തീവ്രമഴയിലും നശിച്ചു. എങ്കിലും കഠിനാധ്വാനത്താൽ കാലാവസ്ഥയെയും വന്യമൃഗങ്ങളെയും തോൽപിച്ച് മികച്ച വിളവ് കൊയ്യാനൊ രുങ്ങുകയാണ് വട്ടവടയിലെ കർഷകർ.വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലും ഹോർട്ടികോർപുമാണ് പച്ചക്കറികൾ സംഭരിക്കുന്നതിനുള്ള സർക്കാർ സംവിധാനം. വില ലഭിക്കാൻ താമസിക്കുമെന്നതിനാൽ നേരിട്ടെത്തുന്ന വ്യാപാരികൾക്ക് കൊടുക്കുന്നവരുമുണ്ട്. വട്ടവടയിലെ കർഷകർ കൂടിയായ നാൽപതിനടുത്ത് വ്യാപാരികളെയാണ് തദ്ദേശീയർ ആശ്രയിക്കുന്നത്. വ്യാപാരികളിൽ നിന്ന് മുൻകൂർ പണംവാങ്ങി അവർക്കുവേണ്ടി കൃഷിചെയ്യുന്നവരുമുണ്ടിവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.