അടിമാലി : ബൈസൺവാലി ചൊക്രമുടിയിൽ റവന്യു ഭൂമി കൈയേറി നടത്തിയ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ് റവന്യു വകുപ്പ്. നിർമാണം നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് ബൈസൺവാലി വില്ലേജ് ഓഫിസറാണ് ഉടമക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്. റവന്യൂ വകുപ്പ് അധികൃതരുടെ ഒത്താശയോടെയാണ് റെഡ് സോൺ കാറ്റഗറിയിൽ പെട്ട സ്ഥലത്ത് അനധികൃത നിർമാണം നടന്നുവന്നിരുന്നതെന്ന് ആക്ഷേപം ഉയരുകയും പരാതി വരികയും ചെയ്തിട്ടും നടപടിയെടുത്തിരുന്നില്ല.
ഈ വസ്തുവിൽ ഉണ്ടായിരുന്ന യൂക്കാലി മരങ്ങൾ വെട്ടി നീക്കം ചെയ്തിട്ടുള്ളതായും റോഡ് നിലവിൽ ടാർ ചെയ്തും കോൺക്രീറ്റ് ചെയ്തും നിർമിച്ചിട്ടുള്ളതായും അവിടെയുണ്ടായിരുന്ന ചെറിയ വെള്ളക്കുഴികൾ 16 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും കെട്ടി നിർത്തി പുനർ നിർമിച്ചിട്ടുള്ളതായും വില്ലേജ് ഓഫിസർ, തഹസിൽദാർക്ക് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
അതിനുശേഷവും ഒന്നര മാസത്തോളം അനധികൃത നിർമാണം തുടർന്ന ശേഷമാണ് നടപടി. ഇവിടെ നടക്കുന്ന അനധികൃത നിർമ്മാണങ്ങളെക്കുറിച്ചും ആദിവാസികളുടെ ജല സ്രോതസ്സ് കൈയേറിയതിനെക്കുറിച്ചും താഴ്വാരത്തെ ജനങ്ങൾക്ക് ഉരുൾപൊട്ടൽ ഭീഷണിയുള്ളതായും ലഭിച്ച പരാതികൾ തള്ളിയായിരുന്നു നിർമാണം. കൈയ്യേറ്റം കൂടുതൽ മേഖലയിലേക്ക് വ്യാപിച്ചതും സംഭവം വിവാദമാവുകയും ചെയ്തതോടെയാണ് നടപടി.
ചൊക്രമുടി മലയിൽ ഗ്യാപ്പ് റോഡിന് താഴ്ഭാഗത്ത് റോഡ് നിർമിച്ച് ഇരുവശവും പ്ലോട്ടുകൾ തിരിച്ചുവിൽക്കുകയാണ് ചെയ്തുവന്നിരുന്നത്. റെഡ്സോൺ കാറ്റഗറിയിൽ പെട്ട ഇവിടെ 10 മാസമായി നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. ഗ്യാപ്പ് റോഡിന്റെ താഴ്ഭാഗത്തുള്ള സ്ഥലത്ത് കോൺക്രീറ്റ് റോഡ് നിർമിക്കുകയും ഇവിടെയുണ്ടായിരുന്ന ജലസ്രോതസ്സുകൾ ഉൾപ്പെടുത്തി തടയണ നിർമിക്കുകയും ചെയ്തിരുന്നു.
കെട്ടിട നിർമാണം നടത്തുന്നതിന് റവന്യൂ വകുപ്പിൽ നിന്ന് ഇവർക്ക് എൻ.ഒ.സിയും ലഭിച്ചിരുന്നു. തുടർന്ന് ബൈസൻവാലി പഞ്ചായത്തിൽ കെട്ടിട നിർമാണ പെർമിറ്റിനുള്ള അപേക്ഷയും ഇവർ നൽകി. ഇതോടെ താഴ്വാരത്ത് ബൈസൺവാലി ഭാഗത്ത് താമസിക്കുന്നവരുടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയായി.
നിരന്തരമായി മലയിടിയുന്ന ഈ ഭാഗത്ത് നടക്കുന്ന അനധികൃത നിർമാണങ്ങൾക്കെതിരെ വൻ പ്രതിഷേധമാണുയർന്നത്. ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പ്രദേശവാസികൾ പരാതി നൽകിയിരുന്നു.
കുടിയേറ്റ കാലം മുതൽ തരിശായി കിടന്നിരുന്ന ഈ ഭൂമിയുടെ പട്ടയം സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. നിർമാണം നടക്കുന്ന ഈ സ്ഥലം നേരത്തേ റവന്യൂ ഭൂമി ആയിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.