ഭൂമി തരം മാറ്റം; ജില്ലയിൽ 1417ലധികം അപേക്ഷകൾ

p2 lead * തൊടുപുഴയിൽനിന്നാണ്​ കൂടുതൽ അപേക്ഷ തൊടുപുഴ: ഭൂമി തരം മാറ്റ അപേക്ഷകളിൽ തീരുമാനം കാത്ത്​ 1417ലധികം അപേക്ഷകൾ. ഇടുക്കി റവന്യൂ ഡിവഷന്‍റെ കീഴിലുള്ള താലൂക്കുകളായ പീരുമേട്​, ഇടുക്കി, തൊടുപുഴ എന്നിവിടങ്ങളിൽനിന്ന്​ 800ഉം ദേവികുളം റവന്യൂ ഡിവിഷന്​ കീഴിൽ ദേവികുളം, ഉടു​മ്പൻചോല എന്നിവിടങ്ങളിൽ 617 അപേക്ഷയും ലഭിച്ചു. ഇതിൽ തൊടുപുഴയിൽനിന്നാണ്​ കൂടുതൽ അപേക്ഷ. റവന്യൂ രേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയ ഭൂമിയില്‍ നിർമാണത്തിന് അനുമതി ലഭിക്കില്ല. അതിനെ പുരയിടം എന്ന് തരം മാറ്റിയാലേ നിർമാണം സാധ്യമാകൂ. ഇതിനായാണ് പ്രധാനമായും തരം മാറ്റല്‍ ആവശ്യമായി വരുന്നത്. കൃഷിയോഗ്യമായ ഭൂമിയുടെ വിവരങ്ങള്‍ ഡേറ്റ ബാങ്കായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ഭൂമി തരംമാറ്റാൻ മറ്റു തടസ്സമില്ല. 25 സെന്‍റ്​ സ്ഥലം വരെ ഫീസില്ലാതെയും അതിനു മുകളിലേക്കുള്ളത്​ ഫീസോടുകൂടിയും തരംമാറ്റം വരുത്താം. ഫോറം നമ്പർ 5ൽ ആർ.ഡി.ഒ ഓഫിസിൽ നൽകുന്ന അപേക്ഷകളിൽ വില്ലേജ്, കൃഷി ഓഫിസുകളിൽ പരിശോധനക്ക്​ അയച്ചശേഷം ആർ.ഡി.ഒയാണ്​ തീരുമാനമെടുക്കേണ്ടത്. ഓൺലൈനായാണ്​ അപേക്ഷ സ്വീകരിക്കുന്നത്​​. അപേക്ഷകന്​ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ഉപഗ്രഹ ചിത്രം പരിശോധിച്ച് കൃഷി ഓഫിസറാണ് ഡേറ്റ ബാങ്കില്‍നിന്ന് ഒഴിവാക്കാന്‍ ശിപാർശ ചെയ്യേണ്ടത്. ആർ.ഡി.ഒ റിപ്പോർട്ട് ഡേറ്റ ബാങ്കില്‍നിന്ന് ഒഴിവാക്കി ഉത്തരവിറക്കും. ഡേറ്റ ബാങ്കില്‍ ഒഴിവാക്കിയാല്‍ വീണ്ടും ആർ.ഡി.ഒക്ക് അപേക്ഷ നല്‍കി തരംമാറ്റല്‍ നടത്താം. തരംമാറ്റല്‍ അപേക്ഷ ലഭിച്ചാല്‍ ആർ.ഡി.ഒ വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് തേടും. അതിന്‍റെ അടിസ്ഥാനത്തിലാണ് തരം മാറ്റല്‍ ഉത്തരവ് പുറത്തിറക്കുക. പിന്നീട് ഭൂരേഖയില്‍ മാറ്റം വരുത്തുകയും ചെയ്യും. അടുത്ത തവണ നികുതി അടക്കുന്നതോടെ തരം മാറ്റല്‍ പ്രയോഗത്തില്‍ വരുകയും ചെയ്യും. 25 സെന്‍റിന് മുകളില്‍ ന്യായവിലയുടെ 10 ശതമാനമാണ് ഫീസായി അടക്കേണ്ടത്. ജീവനക്കാരുടെ കുറവ്​ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെ ഭൂമി തരംമാറ്റ അപേക്ഷകൾ ആറുമാസത്തിനകം തീർപ്പാക്കുമെന്ന്​ മന്ത്രി കെ. രാജൻ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. അപേക്ഷകളുടെ എണ്ണം നൂറിന്​ മുകളിൽ വരുന്ന വില്ലേജുകളിൽ ഭൂമി തരംമാറ്റൽ അപേക്ഷകൾ കൈകാര്യം ചെയ്യാൻ മാത്രമായി ഒരു ക്ലർക്കിനെ നിയമിക്കാനാണ്​ തീരു​മാനം. 100​ അപേക്ഷകളിൽ കൂടുതലുള്ള വില്ലേജുകൾക്ക്​ ഒരു വാഹനം എന്ന നിലയിൽ ആറു​ മാസത്തേക്ക്​ വാഹന സൗകര്യം നൽകാനും തീരുമാനിച്ചു. ജില്ലയിൽ ഭൂമി തരംമാറ്റൽ നടപടിയു​ടെ വേഗവും സുതാര്യതയും ഉറപ്പുവരുത്തുമെന്നും ​അപേക്ഷകൾ തീർപ്പാക്കി വരുകയാണെന്നും ആർ.ഡി.ഒമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.