തൊടുപുഴ നഗരസഭ പാർക്ക്​ 15ന്​ തുറക്കും

p2 lead... തൊടുപുഴ: ലോക്ക് ഡൗണിന്റെയും നവീകരണത്തിന്റെയും പേരിൽ രണ്ട് വർഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന തൊടുപുഴ നഗരസഭയുടെ കുട്ടികളുടെ പാർക്ക് ഈ മാസം 15ന്​ തുറക്കും. വെള്ളിയാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ്​ തീരുമാനം. ഇതിന്റെ ഭാഗമായി അവസാനഘട്ട ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം പാർക്ക് തുറക്കാൻ തീരുമാനിച്ചെങ്കിലും മഴ കാരണം പണികൾ പൂർണമായും തീർക്കാനായിരുന്നില്ല. പാർക്കിന്റെ നവീകരണത്തിനായി മുൻ ഭരണസമിതിയുടെ കാലത്ത് 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. എസ്റ്റിമേറ്റ് തയാറാക്കലും ടെൻഡർ നടപടികളും കരാർ നൽകലുമൊക്കെ നേരത്തേ നടന്നെങ്കിലും നിർമാണം നീണ്ടുപോകുകയായിരുന്നു. കോവിഡിന് മുമ്പ് ദിനംപ്രതി കുട്ടികളും രക്ഷിതാക്കളുമടക്കം നൂറുകണക്കിനാളുകളാണ് പാർക്കിൽ എത്തിയിരുന്നത്. നഗരവാസികളുടെ വൈകുന്നേരങ്ങളിലെ വിശ്രമ ഇടമാണ്​ മുനിസിപ്പൽ പാർക്ക്​. പാർക്ക്​ തുറക്കുന്നത്​ നഗരത്തിലെത്തുന്നവർക്കും​ ഏറെ ആശ്വാസമാണ്​. പുതിയ കളി ഉപകരണങ്ങൾ എത്തി നവീകരണത്തിന്റെ ഭാഗമായി പാർക്കിൽ നിരവധി പുതിയ കളി ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ട്. നേരത്തേ ബോട്ടിങ്ങിന് നൽകിയിരുന്ന കുളം കടൽ മണലും ബബിൾസും നിറച്ച് കൊച്ചു കുട്ടികൾക്ക് കളിക്കാനായി ഒരുക്കിയിട്ടുണ്ട്​. കുട്ടികൾക്ക്​ കാർ റൈഡിങ്ങിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ഫൗണ്ടൻ, കടൽ മണൽ, സുരക്ഷ കാമറകൾ, ഓപൺ സ്റ്റേജ്, പുതിയ ഇരിപ്പിടങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പാർക്കിലേക്ക്​ കൂടുതൽ കളിയുപകരണങ്ങൾ എത്തും. നടപ്പാതകളെല്ലാം ടൈൽ വിരിച്ചും പെയിന്റ് ചെയ്തും മനോഹരമാക്കിയിട്ടുണ്ട്. മുൻ കാലത്തേതിൽനിന്ന് വ്യത്യസ്തമായി ഇനി മുതൽ പാർക്കിൽ എത്തുന്നവർക്ക് കൂടുതൽ സമയം ചെലവഴിക്കാൻ അവസരമുണ്ടാകുമെന്നും ചെയർമാൻ സനീഷ്​ ജോർജ്​ പറഞ്ഞു. സന്ദർശനം രാവിലെ മുതൽ; മുതിർന്നവർക്ക്​ ഫീസ്​ പാർക്കിന്റെ പ്രവൃത്തി സമയം രാവിലെ പതിനൊന്ന്​ മുതൽ വൈകീട്ട് എട്ട് മണിവരെയാക്കിയിട്ടുണ്ട്. മുമ്പ് ഉച്ചക്കുശേഷം മാത്രമായിരുന്നു പാർക്കിൽ പ്രവേശനം ഉണ്ടായിരുന്നത്. ഇത്​ അവധി ദിവസങ്ങളിലും മറ്റും കുട്ടികൾക്കടക്കം ബുദ്ധിമുട്ട്​ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്​ പാർക്ക്​ രാവിലെ തുറക്കാൻ കൗൺസിൽ തീരുമാനിച്ചത്​. കുട്ടികൾക്ക്​ പ്രവേശം സൗജന്യമാണെങ്കിലും മുതിർന്നവർക്ക്​ പത്ത്​ രൂപ ഫീസ്​ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്​. മാത്രമല്ല രണ്ട്​ ജീവനക്കാരെ പാർക്കിലേക്ക്​ മാത്രമായി നിയോഗിക്കും. പാർക്കിലെ ഓപൺ സ്​​റ്റേജ്​ കലാ പരിപാടികൾക്കായി നൽകാനും വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. പാർക്കിലെ കുളത്തിൽ അലങ്കാര മത്സ്യങ്ങളെ നിക്ഷേപിക്കാനും ഐസ്ക്രീം പാർലർ ലേലത്തിൽ നൽകാനും കൗൺസിലിൽ ധാരണയായി. ​TDL PARK ഉദ്​ഘാടനത്തിന്​ സജ്ജമാകുന്ന നഗരസഭ പാർക്ക്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.