തൊടുപുഴ: വൈദ്യുതിലൈനുകൾക്ക് സമീപം ഇരുമ്പ് തോട്ടികൾ അശ്രദ്ധമായി ഉപയോഗിക്കുന്നതുമൂലമുള്ള അപകടങ്ങൾ വർധിക്കുന്നു. ജില്ലയിൽ പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങളിൽ ഭൂരിഭാഗവും ഇരുമ്പുതോട്ടി ഉപയോഗിച്ച് ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങൾ പറിക്കുമ്പോഴാണെന്ന് അധികൃതർ പറയുന്നു.
മരത്തിനടുത്തുകൂടി വൈദ്യുതി ലൈനുകൾ കടന്നുപോകുന്നത് കണ്ടാലും സുരക്ഷിതമായി കായ്ഫലങ്ങൾ പറിക്കാനാകും എന്ന് കരുതി ജോലിയിൽ ഏർപ്പെട്ടവരാണ് അപകടത്തിൽപെട്ടവരിൽ ഭൂരിഭാഗവും. തുടക്കത്തിൽ ശ്രദ്ധയോടെയാണ് കായ് പറിക്കുന്നതെങ്കിലും അധികശക്തി തോട്ടിയിൽ പ്രയോഗിച്ച് കായ്ഫലങ്ങൾ പറിക്കുന്നതോടെ തോട്ടി ആടുകയും ലൈനിൽ തട്ടുകയും ചെയ്താണ് അപകടങ്ങൾ ഉണ്ടായതിലധികവും. എത്ര ശ്രദ്ധയോടെ ഉപയോഗിച്ചാലും ലോഹത്തോട്ടികൾ ലൈനിൽ വീഴാനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത് 11 പേരാണ്. ഇതിൽ 10 പേരും സാധാരണക്കാരാണ്. ജില്ലയിൽ വൈദ്യുതി അപകടങ്ങൾ വർധിക്കുന്നതായാണ് ജില്ലതല വൈദ്യുതി അപകട നിവാരണ സമിതി യോഗം വിലയിരുത്തുന്നത്.അശ്രദ്ധയും അറിവില്ലായ്മയുമാണ് പല അപകടങ്ങൾക്കും കാരണമെന്നും ഇതൊഴിവാക്കാൻ കൂടുതൽ ജാഗ്രത അനിവാര്യമാണെന്നും അധികൃതർ പറയുന്നു. വൈദ്യുതി ലൈനുകൾക്ക് സമീപത്തെ ഫലവൃക്ഷങ്ങളിൽനിന്ന് ലോഹത്തോട്ടികൾ ഉപയോഗിച്ച് കായ്കളും മറ്റും പറിക്കാൻ ശ്രമിക്കരുതെന്ന് പലതവണ വൈദ്യുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം അപകടങ്ങൾ കുറയുന്നില്ല.
മൈക്ക് അനൗൺസ്മെന്റും ബോധവത്കരണവും
ജൂൺ 29 ദേശീയ വൈദ്യുതി സുരക്ഷ ദിനത്തോടനുബന്ധിച്ച് മൈക്ക് അനൗൺസ്മെന്റും സമൂഹ മാധ്യമങ്ങളിലൂടെ ബോധവത്കരണവും ശക്തമാക്കാനാണ് തീരുമാനമെന്ന് ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ആർ. രാജേഷ് ബാബു പറഞ്ഞു.അശ്രദ്ധമായി വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് കൂടാതെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഇ.എൽ.സി.ബി/ ആർ.സി.സി.ബി സ്ഥാപിക്കാത്തത്, സുരക്ഷിതമല്ലാത്ത രീതിയിൽ താൽക്കാലികമായി വയർ വലിച്ചുള്ള ഉപയോഗം, ബോർഡിന്റെയോ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയോ അനുമതിയില്ലാതെ ജനറേറ്ററുകൾ സ്ഥാപിക്കൽ വൈദ്യുതിത്തൂണുകളിലും മറ്റും പരസ്യബോർഡുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ സ്ഥാപിക്കൽ, വൈദ്യുതി ലൈനിന് താഴെ ഇരുമ്പുതൂണുകൾ സ്ഥാപിക്കൽ എന്നിവയെല്ലാം അപകടങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് അധികൃതരുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.