അടിമാലി: ഗുഹകൾ കൗതുകങ്ങളുടെ വിസ്മയങ്ങളുടെയും കേന്ദ്രമാണ്. ഇടുക്കിയെ സംബന്ധിച്ചിടത്തോളം പഴമകളുടെ ചരിത്രംപേറി ഒട്ടേറെ ഗുഹകളാണുള്ളത്. പലതും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായി ഇടംപിടിച്ചുകഴിഞ്ഞു. അടിമാലി പഞ്ചായത്തിലെ തോണിപ്പാറ ഗുഹയുൾപ്പെടെ പഴങ്കഥകൾ ധാരാളമുള്ള ഗുഹകളും ഇടുക്കിയിലാവോളമുണ്ട്. മറയൂരിൽ നിന്ന് തമിഴ്നാട്ടിലെ മധുരവരെ നീളുന്ന ഗുഹകൾ വരെ ഉണ്ടായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. ഇതിനുള്ളിലൂടെ യാത്രചെയ്ത് മറുവശത്ത് എത്തിയതായി ആർക്കും അറിയില്ല. വായുസഞ്ചാരം കുറവായതാണ് ഇതിന് കാരണമായി പറയുന്നത്.
ഒരുകിലോമീറ്റർ വരെ ഗുഹയിലൂടെ സഞ്ചരിച്ചവർ ധാരാളം. ഇത്തരത്തിൽ നിഗൂഢതകളുടെ ചെപ്പ് തുറക്കുന്ന ഗുഹകളുമുണ്ട്. ഇവയെ കോർത്തിണക്കി വിനോദസഞ്ചാര മേഖലയിലേക്ക് മാറ്റിയാൽ യാത്രികരെ കൂടുതലായി ആകർഷിക്കാനാകുമെന്ന് സഞ്ചാരികളും പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നു. അടിമാലി കൂമ്പന്‍പാറ മേഖലയില്‍ മഴക്കാലത്ത് സജീവമാകുന്ന പഞ്ചാരക്കുത്തും ഇതിന് സമീപത്തായി സ്ഥിതിചെയ്യുന്ന പ്രകൃതിനിർമിത ഗുഹയും വിനോദസഞ്ചാര സാധ്യതകള്‍ക്കായി പ്രയോജനപ്പെടുത്തണം.
അടിമാലിയില്‍നിന്ന് മൂന്നാറിലേക്കുള്ള യാത്രയില്‍ കൂമ്പന്‍പാറ ഭാഗത്തുകൂടി കടന്നുപോകുന്നവരുടെ ശ്രദ്ധ കവരുന്നതാണ് പഞ്ചാരക്കുത്ത് വെള്ളച്ചാട്ടം. മഴക്കാലത്ത് മാത്രം സജീവമാകുന്ന ഈ പഞ്ചാരക്കുത്ത് വെള്ളച്ചാട്ടത്തിന് സമീപത്തായാണ് കാഴ്ച്ക്കാരില്‍ കൗതുകമുണര്‍ത്തുന്ന പ്രകൃതിനിർമിത ഗുഹ സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പെട്ടിമുടിയുടെ താഴ്ഭാഗത്ത് ദേശീയ പാതയോട് ചേര്‍ന്നാണ് ഭീമന് ഗുഹയുടെ സ്ഥാനം. ഗുഹയിലേക്കെത്താന്‍ നിലവില്‍ വഴിയോ ഇതര മാര്‍ഗങ്ങളോ ഇല്ല. ബന്ധപ്പെട്ട വകുപ്പുകള്‍ കൈകോര്‍ത്താല്‍ ഗുഹയേയും സമീപ മേഖലയുടെ വിനോദസഞ്ചാര സാധ്യതയും പ്രയോജനപ്പെടുത്തി മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാക്കാമെന്നാണ് വാദം.
ഗുഹയുടെ ഉള്‍ഭാഗം ഏറെ വിശാലമാണ്. ഇരിക്കുകയും വിശ്രമിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയുമൊക്കെയാകാം. ഗുഹാമുഖത്തുനിന്ന് പുറത്തേക്കുള്ള കാഴ്ചയും ആകര്‍ഷണീയമാണ്. പ്രകൃതി തന്നെ തീര്‍ത്തിട്ടുള്ള ഗുഹയുടെ വിശാലത ഓരോ കാഴ്ചയിലും കൗതുകം ജനിപ്പിക്കും. ഗുഹയും സമീപത്തെ പഞ്ചാരക്കുത്ത് വെള്ളച്ചാട്ടവും മാനംമുട്ടെ നില്ക്കുന്ന പെട്ടിമുടിയും അടിമാലിയുടെ ടൂറിസം വികസനത്തിന് കരുത്തുപകരാന്‍ പോന്നവയാണ്.
അത്രതന്നെ അറിയപ്പടുന്ന ഒന്നാണ് വൈശാലി ഗുഹ. ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണത്തോട് അനുബന്ധിച്ച് ഏതാണ്ട് 500 മീറ്റര്‍ നീളത്തില്‍ ടണല്‍പോലെ പാറ പൊട്ടിച്ചുമാറ്റിയ ഭാഗം അണക്കെട്ടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്നു. വൈശാലി സിനിമക്കായി സംവിധായകന് ഭരതന് ഗുഹയിലേക്കു കാമറ തിരിച്ചതോടെയാണ് ഇതിന്റെ ഭംഗി ലോകം കണ്ടത്. സിനിമ പുറത്തിറങ്ങിയതോടെ ‘വൈശാലി ഗുഹ’ പേരും ലഭിച്ചു. ഡാം സന്ദര്‍ശനത്തിനെത്തുന്നവരിൽ പലരും വൈശാലി ഗുഹയും കാണാനെത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.