അടിമാലി: അടിമാലി-കുമളി ദേശീയപാത നാലുവരിയായി വികസിപ്പിക്കാൻ നടപടി അന്ത്യഘട്ടത്തിലേക്ക് നീങ്ങുമ്പോൾ അലൈൻമെന്റ് മാറ്റുന്നത് വിവാദമായി. അടിമാലി ടൗണിനെ ഒഴിവാക്കി ബൈപാസ് നിർമിക്കുന്നതിന്റെ അലൈൻമെന്റ് മാറ്റാനാണ് നീക്കം. സർവേ നടപടികൾ പൂർത്തിയാക്കിയത് അടിമാലി മിനിപ്പടിയിൽ നിന്നും കല്ലാർകുട്ടി റോഡിലെ പാൽക്കോ പമ്പ് വരെയാണ്.
എന്നാൽ, വൻകിടക്കാരായ ചിലർ ഉന്നത ദേശീയപാത ഉദ്യോഗസ്ഥനുമായി ചേർന്ന് തുടങ്ങുന്ന സ്ഥലം 200 മീറ്ററോളം മാറ്റി അമ്പലപ്പടിയിലേക്ക് കൊണ്ടുവന്ന് വൻകിടക്കാരായ ഭൂവുടമകളുടെ ഭൂമിയിലൂടെ ദേശീയപാത വരത്തക്കവിധം അലൈൻമെന്റ് മാറ്റുന്ന നീക്കമാണ് നടത്തുന്നത്. ഇതോടെ റോഡിനായി വിട്ടുനൽകുന്ന ഭൂമിക്ക് വൻ വില ലഭിക്കുകയും ബാക്കി വരുന്ന ഭൂമിക്ക് വില ഉയരുമെന്നതുമാണ് വൻകിടക്കാരായ ഭൂവുടമകൾ ദേശീയപാത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ദേശീയ പാതയുടെ അലൈമെന്റ് മാറ്റാൻ താൽപര്യം കാണിക്കാൻ കാരണം.
അടിമാലി-കുമളി ദേശീയപാത 185 ആരംഭിക്കുന്നത് അടിമാലിയിൽ നിന്നാണ്. അടിമാലി ടൗണിൽ നിന്ന് ആരംഭിച്ചാൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് കുറേക്കൂടി എളുപ്പത്തിൽ ദേശീയപാത 85ൽ നിന്ന് തുടങ്ങാൻ കഴിയുമെന്നതിനാലും അടിമാലി മിനിപടിയിൽ നിന്ന് ആരംഭിക്കുന്നതിനായി സർവേ നടപടികൾ പൂർത്തിയാക്കിയതാണ്. ദേശീയപാത ആരംഭിക്കുന്ന ഭാഗം സംബന്ധിച്ച് നേരത്തെ വാർത്തകൾ വന്നതാണ്.
അടിമാലി പ്രദേശത്തെ ജനങ്ങൾ ഒന്നടങ്കം ഈ നീക്കം സ്വാഗതം ചെയ്തിരുന്നു. എന്നാൽ, ഇതിനിടയിൽ കേന്ദ്ര റോഡ് ആൻഡ് ഹൈവേ വകുപ്പിലെ ഒരു എൻജിനീയറെ സ്വാധീനിച്ച് അടിമാലി എസ്.എൻ.ഡി.പി ക്ഷേത്രത്തിന് സമീപമുള്ള കൊടുംവളവിൽ നിന്ന് റോഡിന്റെ ആരംഭം കുറിക്കുന്നതിനായി സർവേ സ്കെച്ച് പ്രസിദ്ധീകരിച്ചതോടെയാണ് കള്ളക്കളി പുറത്തായത്.
ക്ഷേത്രത്തിൽ ശിവരാത്രി ഉൾപ്പെടെയുള്ള ഉത്സവങ്ങൾ നടക്കുന്ന സമയത്ത് തിരക്ക് മൂലം വാഹനങ്ങൾ കടന്നുപോകാനുണ്ടാകുന്ന ബുദ്ധിമുട്ട് എല്ലാവർക്കും അറിയാം. അതുകൂടാതെ എസ്.എൻ.ഡി.പി ബി എഡ് കോളജും ഹൈസ്കൂളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിനോട് ചേർന്നുള്ളതിനാൽ അധ്യയന ദിവസങ്ങളിൽ പൊലീസിനെ ഉപയോഗിച്ചാണ് ഇപ്പോഴും ഗതാഗതം നിയന്ത്രിക്കുന്നത്.
മാത്രവുമല്ല രണ്ടു ദേശീയപാതകൾ ഡ്രൈവർമാർക്ക് ദൂരക്കാഴ്ച ലഭിക്കാത്ത കൊടുംവളവിൽ നിന്ന് രണ്ടായി പിരിയുന്നത് വലിയ തോതിൽ അപകടങ്ങൾ വിളിച്ചുവരുത്തും. ദേശീയപാത 185ന് ആവശ്യമായ ഇടങ്ങളിൽ സ്ഥലമേറ്റെടുക്കുന്നതിന് 350 കോടി വകയിരുത്തിയതായാണ് അറിയുന്നത്. ഇങ്ങനെ അശാസ്ത്രീയമായ മാറ്റം കൊണ്ടുവരുന്നതിന് പിന്നിൽ വലിയ സാമ്പത്തിക താൽപര്യങ്ങൾ ഉള്ളതായി സംശയിക്കുന്നു. എത്രയും വേഗം ദേശീയപാത വിഭാഗവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും ഇടപെട്ട് സങ്കുചിത താൽപര്യങ്ങൾക്കതീതമായി ശരിയായ രീതിയിൽ ദേശീയപാത 185ന്റെ ആരംഭം മുമ്പ് നിശ്ചയിച്ച പോലെ മിനിപ്പടിയിൽ നിന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.