അടിമാലി: അദിവാസി കേന്ദ്രങ്ങളിൽ കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് നൽകിയ ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടിയതോടെ സാമൂഹിക വിരുദ്ധരുടെ താവളമായി മാറി. ഇടുക്കിയിൽ വിവിധ ആദിവാസി കോളനികളിലെ 60 ഓളം ഏകാധ്യാപക വിദ്യാലയങ്ങളാണ് സർക്കാർ നിർദ്ദേശപ്രകാരം അടച്ച് പൂട്ടിയത്. കുട്ടികളും അധ്യാപകരും ഇല്ലാതായതോടെയാണ് സ്കൂളുകൾ സാമൂഹികവിരുദ്ധരുടെ താവളമായി മാറിയത്.
വാതിലുകളും ജനലുകളും തകർത്ത് അകത്ത് കടക്കുന്നവർ സുരക്ഷിത ലഹരി - ചൂതാട്ട കേന്ദ്രമാക്കി വിദ്യാലയങ്ങളെ മാറ്റിയിരിക്കുകയാണ്. നിർത്തലാക്കിയ ഏകാധ്യാപക വിദ്യാലയങ്ങൾ ലൈബ്രറികളോ, സാംസ്കാരിക നിലയങ്ങളോ ആക്കി മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
പട്ടികവർഗ്ഗ വകുപ്പും ഗ്രാമ പഞ്ചായത്തുകളും ചേർന്ന് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടങ്ങളാണ് ഇതോടെ ഉപയോഗ ശൂന്യമായി മാറിയത്. ഒന്നു മുതൽ നാലാം ക്ലാസ് വരെയാണ് വിദ്യാഭ്യാസം നൽകിയിരുന്നത്. മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയങ്ങൾ പൂട്ടിയതോടെ കുട്ടികളെ തൊട്ടടുത്ത സർക്കാർ സ്കൂളിലേക്ക് മാറ്റി.
തുടർന്ന് ഗോത്ര സാരഥി പദ്ധതിയിൽ ഉൾപ്പെടുത്തി വാഹനങ്ങളിൽ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിച്ചു. എന്നാൽ കരാർ എടുത്ത വാഹനങ്ങൾക്ക് സർക്കാർ ഫണ്ട് നൽകിയില്ല. ഇതോടെ ഗോത്ര സാരഥി പദ്ധതിയും നിലച്ചു. പകരം കൊണ്ടു വന്ന വിദ്യാവാഹിനി പദ്ധതിയും പ്രതിസന്ധിയിലാണ്. അധ്യയന വർഷം അവസാനിക്കാറായിട്ടും വാഹന കരാറുകാർക്ക് ഫണ്ട് നൽകിയിട്ടില്ല.
കുട്ടികളെ മാറ്റിയ ഏകാധ്യാപക വിദ്യാലയങ്ങളിലെ ഫർണിച്ചറുകൾ തൊട്ടടുത്ത സർക്കാർ സ്കൂളിന് നൽകാൻ നിർദ്ദേശം നൽകിയെങ്കിലും ഇതും പൂർണ്ണമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.