അടിമാലി: ഹൈറേഞ്ചിൽ ലഹരി മാഫിയ ശല്യം വീണ്ടും പിടിമുറുക്കുന്നതായി വ്യാപക പരാതി. വിദ്യാർഥികൾ മുതൽ ചെറുപ്പക്കാർ വരെ ലഹരിമാഫിയ സംഘങ്ങളുടെ വലയിലാണ്. മൂന്നാർ, അടിമാലി, രാജാക്കാട്, ഇരുമ്പുപാലം, മുരിക്കാലശ്ശരി, മാങ്കുളം, ആനക്കുളം, ആനച്ചാൽ, ബൈസൺവാലി, പാറത്തോട്, പൂപ്പാറ, രാജകുമാരി തുടങ്ങിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ലഹരിസംഘത്തിന്റെ പ്രവർത്തനം ശക്തമാണ്. ഇടറോഡുകളിലും ആളൊഴിഞ്ഞ സർക്കാർ കെട്ടിടങ്ങളിലും രാത്രികാലങ്ങളിൽ തമ്പടിക്കുന്ന ഇത്തരം സംഘങ്ങൾ നാട്ടുകാർക്ക് ശല്യമായി മാറിയിരിക്കയാണ്. വർധിച്ചുവരുന്ന കഞ്ചാവ്-രാസലഹരി സംഘങ്ങളുടെ ശല്യം ചെറുക്കാൻ എക്സൈസ് കൂട്ടായ്മകൾ രൂപവത്കരിച്ചിരുന്നെങ്കിലും കാര്യമായ പ്രവർത്തനങ്ങൾ നടന്നില്ല. ഇതോടെ വീണ്ടും ശല്യം വർധിച്ചിരിക്കുകയാണ്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ വരെ ലഹരിമാഫിയ വഴിതെറ്റിക്കാൻ തുടങ്ങിയതോടെ പലരും ആശങ്കയിലാണ്. 15 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് രാസലഹരി വസ്തുക്കൾ ഉൾപ്പെടെ പ്രദേശത്ത് എത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
കൂടാതെ, സന്ധ്യമയങ്ങിയാൽ ഇരുചക്ര വാഹനങ്ങളിൽ ചുറ്റിത്തിരിയുന്ന ലഹരിസംഘങ്ങൾ പ്രദേശവാസികൾക്ക് ശല്യമാണ്. ഭയം കാരണം ലഹരിസംഘങ്ങൾക്കെതിരെ ആരും പ്രതികരിക്കാറില്ല. ലഹരി ഉപയോഗിക്കാൻ വേണ്ടി ഇത്തരം സംഘങ്ങൾ മോഷണങ്ങൾ നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ലഹരി സംഘങ്ങൾക്കെതിരെ പൊലീസ്-എക്സൈസ് പരിശോധന കാര്യക്ഷമമല്ലെന്ന് ആക്ഷേപമുണ്ട്. ഇതിനുപുറമെ ചാരായം വാറ്റുന്ന സംഘങ്ങളും സർക്കാർ മദ്യക്കടകളിൽനിന്ന് മദ്യം വാങ്ങി വിൽക്കുന്ന സംഘങ്ങളും വ്യാപകമാണ്.
ജില്ല ആസ്ഥാനത്ത് വ്യാജമദ്യം ഒഴുകുന്നു
ചെറുതോണി: ഇടവേളക്കുശേഷം ജില്ല ആസ്ഥാന മേഖലകളായ പൈനാവ്, മരിയാപുരം, ചെറുതോണി, ഇടുക്കി, മരിയാപുരം വാഴത്തോപ്പ്, കഞ്ഞിക്കുഴി മേഖലകളില്‍ വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടേയും വിൽപനയും ഉപയോഗവും വർധിക്കുന്നു.
താലൂക്ക് സഭയുടെയും വിദ്യാർഥികളുടെയും പരാതിയെത്തുടര്‍ന്ന് ടൗണുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നെങ്കിലും ഇപ്പോൾ ഫലപ്രദമല്ലെന്നാണ് ആക്ഷേപം.
മുന്‍കാലങ്ങളില്‍ ചെറുതോണി പാലത്തിന് സമീപം 24 മണിക്കൂറും മദ്യം, മയക്കുമരുന്ന് വിൽപന ഉണ്ടായിരുന്നു. പരിശോധന കര്‍ശനമാക്കിയതോടെ ഇവയുടെ ഉപയോഗവും വിൽപനയും കുറഞ്ഞു. ഇപ്പോൾ, വ്യാജമദ്യ വിൽപന ആരംഭിച്ചിരിക്കയാണ്. പരസ്യമായി പുകവലിക്കുന്നതിനെതിരെ സ്ത്രീകളും കുട്ടികളും പരാതിനല്‍കിയിട്ടും യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ മാസങ്ങളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം മയക്കുമരുന്ന് വിറ്റ പെണ്‍കുട്ടിയേയും കസ്റ്റഡിയിലെടുത്തിരുന്നു. എറണാകുളം കേന്ദ്രമായുള്ള മയക്കുമരുന്ന് സംഘത്തിന്റെ നേതൃത്വത്തിലാണ് സ്കൂള്‍ കോളജ് കുട്ടുകളെ ഉപയോഗിച്ച് മയക്കുമരുന്ന് വില്‍ക്കുന്നതെന്ന് വിവരമുണ്ട്. മദ്യ, മയക്കുമരുന്ന് ഉപയോഗവും വിൽപനയും തടയാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു.
രാജാക്കാട്, അടിമാലി, ഇരുമ്പുപാലം ഹോട്ട്സ്പോട്ടുകൾ
വൻകിട കഞ്ചാവ് മാഫിയകളുടെ ഹോട്സ്പോട്ടുകളായി അറിയപ്പെടുകയാണ് ഈ മൂന്ന് സ്ഥലങ്ങൾ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ടൺകണക്കിന് എത്തുന്ന കഞ്ചാവുകൾ ഹോൾസെയിലായി വിൽക്കുന്ന പ്രധാന ഇടങ്ങളാണ് രാജാക്കാടും അടിമാലിയും ഇരുമ്പുപാലവും. ഇതിനുപുറമെ പൂപ്പാറ, മുരിക്കാശ്ശേരി, കട്ടപ്പന എന്നിവിടങ്ങളിലും ഇത്തരം സംഘങ്ങൾ വിലസുന്നു. എക്സൈസ്, പൊലീസ് വകുപ്പുകളുടെ ഒത്താശയോടെയാണ് ഇവരുടെ പ്രവർത്തനമെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.