അടിമാലി: ഹൈറേഞ്ചിലെ കൃഷിയിടങ്ങളിൽ മോഷണം വ്യാപകമായി. കുരുമുളക്, ഏലം തോട്ടങ്ങളിലാണ് വ്യാപക മോഷണം. വിളവെടുപ്പ് സമയത്ത് നടക്കുന്ന മോഷണം വലിയ ബാധ്യത കർഷകർക്ക് ഉണ്ടാക്കുന്നു. കുരുമുളക് തോട്ടങ്ങളിൽ പ്രവേശിക്കുന്ന മോഷ്ടാക്കൾ കുരുമുളക് ചെടി ചുവടെ വെട്ടി തിരികൾ മോഷ്ടിക്കുന്നത്. ഇതോടെ വലിയ നഷ്ടമാണ് വരുന്നത്. ഉണങ്ങാൻ ഇട്ടിരിക്കുന്ന കുരുമുളകും വ്യാപകമായി മോഷ്ടിക്കപ്പെടുന്നു. ഏലത്തോട്ടങ്ങളിലും വ്യാപക മോഷണമാണ് നടക്കുന്നത്.
തട്ടകൾ നശിപ്പിച്ചാണ് മോഷണം നടത്തുന്നത്. വേനൽക്കാലമായതിനാൽ ചെടികൾ പൂർണമായി ഉണങ്ങാനും കാരണമാകുന്നു. ഇത്തരത്തിൽ 30 ഓളം പരാതികൾ അടുത്തിടെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചു.
ശാന്തൻപാറയിൽ തോട്ടത്തിൽനിന്ന് കുരുമുളക് മോഷ്ടിച്ച സംഭവത്തിൽ അന്തർ സംസ്ഥാന തൊഴിലാളിയെ കർഷകർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. അടിമാലിയിൽ മലഞ്ചരക്ക് കട കുത്തിത്തുറന്ന് 1200 കിലോ കുരുമുളക് മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടിയിരുന്നു വെള്ളത്തൂവൽ, രാജാക്കാട്, ശാന്തൻപാറ, മുരിക്കാശ്ശേരി സ്റ്റേഷനുകളിലാണ് കൂടുതലും ഇത്തരത്തിൽ കൃഷിയിടങ്ങളിലെ മോഷണ പരാതികൾ ലഭിച്ചിരിക്കുന്നത്. വിവിധ രോഗങ്ങളാൽ കൃഷികൾ നശിക്കുന്നതിന് പുറമെ മോഷ്ടാക്കളുടെ ശല്യം വർധിക്കുകയും ചെയ്തതോടെ ഇനിയെന്ത് എന്ന ആശങ്കയാണ് ഓരോ കർഷകർക്കും.
നെടുങ്കണ്ടം: ഏലക്ക മോഷ്ടാക്കളെ പിടിച്ചുനല്കിയാല് ഒരു ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് കർഷകന്റെ ഫേസ്ബുക്ക് കുറിപ്പ്. മോഷ്ടാക്കളുടെ ശല്യം വർധിച്ചതോടെയാണ് പാരിതോഷികവുമായി കര്ഷകന് രംഗത്തെത്തിയത്. തൂക്കുപാലം സ്വദേശി രാജേഷാണ് പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുന്നത്. വർഷങ്ങളായി കാടുപിടിച്ച് കിടന്ന ഭൂമിയിൽ കോവിഡ് കാലത്ത് മറ്റ് ജോലികള്‍ക്ക് പോകാന്‍ കഴിയാഞ്ഞതിനാലാണ് കൃഷിയിലേക്ക് നീങ്ങിയത്.
എന്നാല്‍, വിളവെടുക്കാന്‍ ചെന്നപ്പോള്‍ വിളയില്ല. വെള്ളംപോലും വില കൊടുത്തുവാങ്ങി കൃഷി ചെയ്ത ഏലക്കയാണ് മോഷണം പോകുന്നത്. 15 ദിവസം കഴിഞ്ഞ് വിളവെടുക്കാനിരുന്ന ഏലക്കയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. സമീപങ്ങളിലെല്ലാം മോഷണം പെരുകിയതോടെയാണ് പാരിതോഷികവുമായി എത്തിയതെന്ന് രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.