അടിമാലി: മഴക്കാലത്ത് പേടിയില്ലാതെ അന്തിയുറങ്ങാൻ ഒരു വീടിന് വേണ്ടി ഇരുപതേക്കർ പുതുപ്പറമ്പിൽ റെജിയും ഭാര്യ ദീപയും കയറിയിറങ്ങാത്ത ഓഫിസുകളില്ല, മുട്ടാത്ത വാതിലുകളില്ല. എന്നാൽ, ആരും ഇവരുടെ കണ്ണീരൊപ്പാൻ തയാറായിട്ടില്ല. ബൈസൺവാലി പഞ്ചായത്ത് 13ാം വാർഡിലെ ഇരുപതേക്കറിലാണ് റെജിയും കുടുംബവും എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന മൺകൂരയിൽ രണ്ടു പെൺമക്കളുമായി കഴിയുന്നത്.
മൺകട്ട ഉപയോഗിച്ച് നിർമിച്ച വീട് പൂർണമായും ജീർണിച്ച അവസ്ഥയിലാണ്. ചോർച്ച തടയാൻ ഷീറ്റിന് മുകളിൽ പടുത വിരിച്ചിരിക്കുകയാണ്. മഴ പെയ്യുമ്പോൾ വീടു തകരുമെന്ന ഭയത്താൽ കുട്ടികൾ രാത്രിയിൽ അയൽ വീടുകളിലാണ് ഉറങ്ങുന്നത്. ലൈഫ് ഭവനപദ്ധതിയുടെ മുൻഗണന പട്ടികയിൽ അവസാനഭാഗത്താണിവരുടെ പേര്. 35 വർഷം പഴക്കമുണ്ട് വീടിന്.
പാർട്ടി ഓഫിസ് പൊളിച്ചപ്പോൾ ലഭിച്ച ഷീറ്റും കാട്ടുകമ്പുകളുമാണ് മേൽക്കൂരയായി ഉപയോഗിച്ചിരിക്കുന്നത്. വീടിന് അടച്ചുറപ്പുള്ള ഒരു വാതിൽ പോലുമില്ല. പഞ്ചായത്തിന്റെ മുൻഗണന മാനദണ്ഡത്തിൽ ഇരുപത്തിയൊന്നാം നമ്പറാണ് ഇവർക്ക് നൽകിയിരിക്കുന്നത്. സാമാന്യം നല്ല സാമ്പത്തികവും വീടുമുള്ളരെ വരെ ഇവർക്ക് മുമ്പായി പരിഗണിച്ചിട്ടുണ്ടെന്ന് നാട്ടുകാരും പറയുന്നു. ബൈസൺവാലി പഞ്ചായത്തിലെ തന്നെ ഏറ്റവും ജീർണിച്ച വീട് തങ്ങളുടേതാണെന്നും അതിനാൽ പ്രഥമ പരിഗണന വേണമെന്നുമാണ് റെജിയും കുടുംബവും ആവശ്യപ്പെടുന്നത്. കഴിഞ്ഞ പത്രണ്ടിലേറെ വർഷമായി വിവിധ ഭവന നിർമാണ പദ്ധതികളുടെ പിന്നാലെ ഇവർ നടന്നെങ്കിലും ഒരു പരിഗണനയും ലഭിച്ചിട്ടില്ല. മന്ത്രിമാർക്ക് ഉൾപ്പെടെ നിവേദനം നൽകിയെങ്കിലും പ്രയോജനവും ഉണ്ടായില്ലെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.