അടിമാലി: പീഡനക്കേസ് പ്രതി ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രത്തിൽനിന്ന് മുങ്ങി വനത്തിൽ ഒളിച്ചു. മാമലക്കണ്ടം ഇളം പ്ലാശ്ശേരിപാറയ്ക്കൽ മുത്തു രാമകൃഷണനാണ് (19) വനത്തിൽ ഒളിച്ചത്. കുട്ടമ്പുഴ പൊലീസ് ചാർജ് ചെയ്ത പീഡനക്കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവായതോടെ നെടുമ്പാശ്ശേരിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ പ്രവേശിപ്പിച്ചിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് നാലിന് നഴ്സിെൻറ മൊബൈൽ ഫോണുമായി ഇവിടെനിന്ന് മുങ്ങി. ടാക്സി ഓട്ടോയിൽ കോതമംഗലത്ത് ഇറങ്ങി ഓട്ടോ ടാക്സിക്ക് പണംനൽകാതെ മുങ്ങി. പിന്നീട് ഇരുമ്പുപാലത്ത് എത്തിയ ഇയാൾ ചില ടാക്സി വാഹനങ്ങൾ വിളിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഒഴുവത്തടത്ത് എത്തി ടാക്സി ഓട്ടോ വിളിച്ച് മാമലക്കണ്ടത്ത് ഇറങ്ങി.
ഇതിനിടെ കുട്ടമ്പുഴ പൊലീസ് ഇയാളെ തിരക്കി എത്തിയതോടെ റിസർവ് വനത്തിൽ ഒളിക്കുകയായിരുന്നു. കാട്ടാന ഉൾപ്പെടെ വന്യജീവികളുടെ വിഹാര കേന്ദ്രമാണ് ഇവിടം.
വനംവകുപ്പിെൻറ സഹായത്തോടെ പൊലീസും ആരോഗ്യപ്രവർത്തകരും വനത്തിൽ തിരച്ചിൽ ഉൗജിതമാക്കി. രക്ഷപ്പെടുന്ന സമയത്ത് കാവിമുണ്ടും ചുവന്ന ഷർട്ടുമാണ് ധരിച്ചിരുന്നത്. മുടി നീട്ടിവളർത്തിയ പ്രതിയെ കണ്ടെത്തിയാൽ പൊലീസിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അങ്കമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.