അടിമാലി: ജീവിത സായാഹ്നത്തിൽ രോഗവും ദാരിദ്ര്യവും ഒരുപോലെ ദുരിതത്തിലാക്കിയ കുടുംബം സഹായം തേടുന്നു. ശാന്തൻപാറ പഞ്ചായത്തിലെ ശങ്കപ്പൻ പാറയ്ക്ക് സമീപം താമസിക്കുന്ന രാജുവും ഭാര്യ സാറയുമാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത വിധം ബുദ്ധിമുട്ടിലായത്.
മക്കളില്ലാത്ത ഈ ദമ്പതികൾക്ക് സ്വന്തമായി വീടോ, ഭൂമിയോ ഇല്ല. കൂലിപ്പണിയെടുത്ത് കഴിഞ്ഞിരുന്ന ഇവിടെ ഇവരുടെ ജീവിതം കീഴ്മേൽ മറിഞ്ഞത് അഞ്ചു വർഷം മുൻപാണ്. പ്രമേഹ രോഗം മൂർച്ഛിച്ചതോടെ സാറയുടെ വലത് കാൽപാദം മുറിച്ചു മാറ്റേണ്ടി വന്നു.
പാദം മുറിച്ചുമാറ്റിയതിനു ശേഷം മുറിവുണങ്ങാത്തതിനാൽ തീരാവേദനയുടെ പിടിയിലാണ് ഇവർ. വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമെന്നാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. സാറക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും മറ്റൊരാളുടെ സഹായം വേണ്ടതിനാൽ രാജുവിനും കൂലിപ്പണിക്ക് പോകാൻ കഴിയുന്നില്ല.
പ്രമേഹം, രക്തസമ്മർദ്ദം എന്നിവ രാജുവിനെയും അവശനാക്കി. ഇരുവർക്കും മരുന്നിനുമാത്രം മാസംതോറും അയ്യായിരത്തോളം രൂപ വേണ്ടിവരും. നാട്ടുകാരനായ ബെന്നി ചെറിയാൻ ഇവർക്ക് താമസിക്കാൻ ഒരു വീട് സൗജന്യമായി നൽകിയിട്ടുണ്ട്. നാട്ടുകാർ ആരെങ്കിലും നൽകുന്ന സഹായം കൊണ്ടാണ് ഒരു നേരമെങ്കിലും ഭക്ഷണം കഴിച്ച് ഇവർ ജീവൻ നിലനിർത്തുന്നത്.
ഭൂരഹിതരായ ഈ കുടുംബത്തിന് ചിന്നക്കനാലിൽ അഞ്ച് സെൻറ് ഭൂമി അനുവദിച്ചു എന്ന് റവന്യൂ വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചെങ്കിലും തുടർന്ന് ഒരു പ്രതികരണവും ഇല്ല. തുടർ ചികിത്സക്കും മരുന്നിനും സഹായം സ്വീകരിക്കാനായി സാറയുടെ പേരിൽ യൂണിയൻ ബാങ്ക് രാജകുമാരി ശാഖയിൽ അക്കൗണ്ട് ചേർന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 37 22 0 2 1 2 0 0 0 1 4 5 8 , ഐ. എഫ്. എസ്. സി കോഡ് യു ബി ഐ എൻ 0 53 72 25.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.