സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് നിർമാണത്തിന് സ്റ്റോപ് മെമ്മോ

അടിമാലി: സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് നിർമാണത്തിന് റവന്യൂ വകുപ്പി‍െൻറ സ്റ്റോപ് മെമ്മോ. ബൈസൺവാലി ഇരുപതേക്കറിലുള്ള പൊട്ടൻകാട് ലോക്കൽ കമ്മിറ്റി ഓഫിസ് നിർമാണത്തിനെതിരെയാണ് നടപടി. റവന്യൂ വകുപ്പി‍െൻറ എൻ.ഒ.സി ഇല്ലാതെ പട്ടയമില്ലാത്ത ഭൂമിയിലാണ് ബഹുനില ഓഫിസ് മന്ദിരം നിർമിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.

ഏതാനും ദിവസം മുമ്പ് ദേവികുളം സബ് കലക്ടർ സ്ഥലം സന്ദർശിക്കുകയും തുടർ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഓഫിസ് നിർമാണത്തിന് സ്റ്റോപ് മെമ്മോ നൽകി റിപ്പോർട്ട് സബ് കലക്ടർക്ക് സമർപ്പിച്ചതായി ബൈസൺവാലി വില്ലേജ് ഓഫിസർ പറഞ്ഞു. എം.എം. മണി എം.എൽ.എയുടെ വീടിരിക്കുന്ന പ്രദേശം ഉൾപ്പെടുന്ന പൊട്ടൻകാട് ലോക്കൽ കമ്മിറ്റിയുടെ ഓഫിസ് നിർമാണത്തിന് സ്റ്റോപ് മെമ്മോ ലഭിച്ചത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായി.

എന്നാൽ, 50 വർഷമായി ഇരുപതേക്കറിൽ പ്രവർത്തിച്ചിരുന്ന പാർട്ടി ഓഫിസ് ഉടുമ്പൻചോല-രണ്ടാംമൈൽ റോഡ് നിർമാണത്തിനായി പൊളിച്ചുനൽകിയതിനെ തുടർന്നാണ് പഴയ ഓഫിസിനുസമീപം പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചതെന്ന് ലോക്കൽ സെക്രട്ടറി ടി.കെ. സുകുമാരൻ പറഞ്ഞു.

Tags:    
News Summary - Stop memo for construction of CPM local committee office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.