അടിമാലി: കഠിനമായ ചൂടിൽ പാൽ ഉൽപാദനം കുറഞ്ഞതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. പുല്ലിന്റെ ലഭ്യത കുറയുകയും ചൂട് അസഹ്യമാകുകയും ചെയ്തത് കാരണം പാൽ ഉൽപാദനം 10-25 ശതമാനം വരെ കുറഞ്ഞതായി കർഷകർ പറയുന്നു. ഇതോടെ വരുമാനവും കുറഞ്ഞു. ചൂട് വർധിക്കുന്തോറും പാൽ ലഭ്യത ഇനിയും കുറയുമെന്ന ആശങ്കയിലാണിവർ. നാടൻ പശുക്കളെക്കാൾ അത്യുൽപാദന ശേഷിയുള്ള ഇനങ്ങളെയാണ് ചൂട് കൂടുതലായി ബാധിച്ചിരിക്കുന്നത്.
ഇതുകാരണം പകൽ പശുക്കളെ പറമ്പിൽ മേയാൻ കെട്ടാൻ പറ്റാത്ത സ്ഥിതിയുമുണ്ട്. പച്ചപ്പുല്ലിന്റെ ലഭ്യത കുറഞ്ഞതിനാൽ ഉണക്കപ്പുല്ലിനെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. ഇതരസ്ഥലങ്ങളിൽ വയ്ക്കോലിന് വില കൂടുതലാണ്. പശുവളർത്തലിൽ ഉപജീവനം നടത്തുന്ന വീട്ടമ്മമാർ അടക്കമുള്ളവർക്ക് പറയാനുള്ളത് നഷ്ടക്കണക്കുമാത്രമാണ്. കുളമ്പു രോഗവും ചർമമുഴയും ബാധിച്ച് ജില്ലയിൽ കുറെ പശുക്കൾ ചത്തു. രോഗം ബാധിച്ച പശുക്കളെ കിട്ടിയ വിലയ്ക്കു വിറ്റവരുമുണ്ട്. ഇതിനിടയാണ് വേനലും കർഷകർക്കു തിരിച്ചടിയായത്. ഇതിന് പുറമെ കന്നുകാലികൾക്ക് നേരെ വന്യമൃഗ ആക്രമണവും രൂക്ഷമാണ്.
മൂന്നാർ മാട്ടുപ്പെട്ടിയിൽ കഴിഞ്ഞ ദിവസം കടുവ പശുവിനെ കൊന്ന് തിന്നിരുന്നു. അഞ്ചു മാസത്തിനിടെ തോട്ടം മേഖലയിൽ 25ലേറെ പശുക്കളെ കടുവയുടെ ആക്രമണത്തിൽ ചത്തിട്ടുണ്ട്. വന്യമൃഗശല്യം ഭയന്നും പലരും കാലി വളർത്തലിൽനിന്ന് പിന്തിരിയുകയാണ്. അന്യായമായ കാലിത്തീറ്റ വിലവർധനയും വേനലിൽ അയൽ സംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്ന വയ്ക്കോലിന് വില വർധിക്കുന്നതും വലിയ ബാധ്യതയായി മാറുന്നു. ഇതോടെ നഷ്ടം മാത്രം ഉണ്ടാകുന്നതാണ് ക്ഷീരകർഷകർ ഈ മേഖലയിൽനിന്ന് പിൻമാറാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.