അടിമാലി: മാങ്കുളം അമ്പതാംമൈലില്‍ വനംവകുപ്പ് സ്ഥാപിച്ച ട്രഞ്ച് നിയമവിരുദ്ധമെന്ന് തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. പഴയ ആലുവ-മൂന്നാര്‍ റോഡ് നശിപ്പിച്ചാണ് ട്രഞ്ച് നിര്‍മാണമെന്നും ഇത് സിങ്കുകുടി ആദിവാസി കോളനിക്ക് ഭീഷണിയായതിനാല്‍ നികത്തി ഭൂമി പഴയരീതിയില്‍ മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വന്യജീവികളെ പ്രതിരോധിക്കാനെന്ന പേരിലാണ് വനംവകുപ്പ് ട്രഞ്ച് നിര്‍മിച്ചത്. ഇതിനെതിരെ നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതിനല്‍കി. ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സംയുക്ത പരിശോധന നടത്തിയശേഷം കലക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് നടപടി തെറ്റാണെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കിയത്. 3.5 മീറ്റര്‍ വീതിയിലും താഴ്ചയിലും
750 മീറ്റര്‍ നീളത്തിലുമാണ് കിടങ്ങ് നിർമിച്ചത്. വന്യജീവി പ്രതിരോധത്തിനാണ് കിടങ്ങ് നിർമാണം. മലയോര ഹൈവേയുടെ ഭാഗമായ പഴയ ആലുവ - മൂന്നാര്‍ റോഡ് ഉള്‍പ്പെടുത്തിയതിനാല്‍ വനംവകുപ്പിെൻറ നടപടി ഭാവിയില്‍ റോഡ് വികസനത്തെ ബാധിക്കും.
കിടങ്ങില്‍ വെള്ളംനിറയുന്നത് മണ്ണിടിച്ചില്‍ ഉണ്ടാക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. സംഭവത്തിെൻറ നിജസ്ഥിതി ബോധ്യപ്പെടാന്‍ ദേവികുളം സബ്കലക്ടര്‍, കലക്ടര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താലൂക്ക് സർവേയരുടെ കണ്ടെത്തലുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. നേരത്തേ മാങ്കുളം വില്ലേജ് ഓഫിസറും സമാന രീതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം അമ്പതാം മൈലില്‍ വനംവകുപ്പിെൻറ ഭൂമിയില്‍ തന്നെയാണ് ട്രഞ്ച് നിര്‍മിച്ചതെന്ന് മാങ്കുളം ഡി.എഫ്.ഒ സുഹൈബ് പറഞ്ഞു. കണ്ണന്‍ദേവന്‍ കമ്പനിയില്‍നിന്ന് മിച്ചഭൂമിയായി വിട്ടുനല്‍കിയ ഭൂമിയാണ്, ഇതിെൻറ അവകാശി വനംവകുപ്പ് മാത്രമാണ്.
എന്നാല്‍, തെറ്റായ രീതിയിലും ഏകപക്ഷീയവുമായി റവന്യൂ വകുപ്പ് ഇടപെടുന്നത് കൈയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ വനംവകുപ്പും സര്‍ക്കാറും നടത്തുന്ന കേസുകള്‍ ഇത്തരം നടപടി മൂലം പ്രതിസന്ധിയിലാക്കും. ഇത് സംബന്ധിച്ച് 2020 ജൂലൈ 24ന് അഡീഷനല്‍ അഡ്വ. ജനറല്‍ റവന്യൂ വകുപ്പിന് നിർദേശം നല്‍കിയിരുന്നു. ഈ നിർദേശത്തിെൻറ ലംഘനമാണ് റവന്യൂ വകുപ്പിെൻറ ഇപ്പോഴത്തെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.