അടിമാലി: ഏലക്ക ഉണക്കുന്ന ഡ്രയറിൽ സൂക്ഷിച്ചിരുന്ന വിറകിന് സാമൂഹികവിരുദ്ധർ തീയിട്ടു. രാജാക്കാടിന് സമീപം കൊച്ചുമുല്ലക്കാനത്താണ് സംഭവം. പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് സ്വയംസഹായ സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്രണ്ട്സ് കാർഡമം ഡ്രയർ എന്ന സ്ഥാപനം.
പ്രധാന റോഡിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പ്രദേശത്തെ നിരവധി കർഷകരുടെ ഏലക്ക ഉണക്കാൻ സൂക്ഷിച്ചിട്ടുള്ളതാണ്. ഉണക്കാനാവശ്യമായ വിറക് ഡ്രയറിനോട് ചേർന്ന ഷെഡിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഞായറാഴ്ച രാത്രിയിൽ സാമൂഹികവിരുദ്ധർ വിറകിന് തീയിടുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് സമീപവാസി മറ്റുള്ളവരെ വിളിച്ച് വെള്ളം പമ്പ് ചെയ്ത് തീ കെടുത്തിയതിനാൽ അപകടം ഒഴിവായി. തീയണക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഡ്രയറും യന്ത്രസാമഗ്രികളും ലക്ഷങ്ങളുടെ ഏലക്കയും കത്തിനശിക്കുമായിരുന്നു.
അടുത്തുള്ള കെട്ടിടങ്ങളിലേക്കും തീ പടരുമായിരുന്നു. പ്രദേശത്ത് കുറച്ചുനാളായി രാത്രിയിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഏതാനും ദിവസം മുമ്പ് പ്രദേശത്തെ വീടിന്റെ മുന്നിൽ പാർക്കു ചെയ്തിരുന്ന കാറിന്റെ ചില്ല് രാത്രിയിൽ തകർത്തത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ഈ സംഭവവും.
രാജാക്കാട്-എല്ലക്കൽ റോഡിന്റെ നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ ഈ ഭാഗത്ത് പൊലീസിന്റെ രാത്രി പട്രോളിങ് കാര്യക്ഷമമല്ലാത്തതും സാമൂഹികവിരുദ്ധർ മുതലെടുക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഫ്രണ്ട്സ് കാർഡമം ഡ്രയറിന്റെ ചുമതലക്കാർ രാജാക്കാട് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.