അടിമാലി: വാണിജ്യകേന്ദ്രമായ അടിമാലി ടൗണിൽ വൺവേ തെറ്റിച്ച് തലങ്ങും വിലങ്ങും വാഹനങ്ങൾ പായുന്നത് നിയമം പാലിച്ചെത്തുന്ന വാഹനങ്ങൾക്ക് കെണിയാകുന്നു. ടൗണിൽ ലൈബ്രറി റോഡ്, പ്രൈവറ്റ് ബസ്സ്റ്റാൻഡിലേക്ക് വാഹനങ്ങൾ കയറുന്നതും ഇറങ്ങുന്നതുമായ റോഡുകൾ എന്നിവിടെ വൺവേ നടപ്പാക്കിയിട്ടുണ്ട്.
എല്ലാ പാർട്ടികളും യൂനിയനുകളും അംഗീകരിച്ചതാണിത്. വൺവേ ചൂണ്ടിക്കാട്ടി ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നത്. ഇതുമൂലം വൺവേ തെറ്റിച്ച് എത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്ന സ്ഥിതിയാണ്.
ബസുകൾ ഒഴികെ മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണമുള്ള സ്റ്റാൻഡിൽ ടാക്സി ഓട്ടോകളുടെ ശല്യം അതിരൂക്ഷമാണ്. ഇതിനുപുറമെ, സ്വകാര്യവാഹനങ്ങൾ സ്റ്റാൻഡിൽ രാവിലെ മുതൽ നിറയുന്നു. സുരക്ഷിത പാർക്കിങ് എന്ന നിലയിൽ മറ്റ് ജില്ലകളിലേക്ക് പോകുന്നവർ വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നതാണ് കാരണം. നേരത്തേ ട്രാഫിക് പൊലീസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ ട്രാഫിക് പൊലീസിന് ഇത്തരം ഡ്യൂട്ടിക്ക് താൽപര്യമില്ല. ഹൈവേയിൽ വാഹനപരിശോധനക്ക് മാത്രമാണ് താൽപര്യം. സെൻട്രൽ ജങ്ഷനിലൂടെ തലങ്ങും വിലങ്ങുമാണ് വാഹനങ്ങളോടുന്നത്.
കയറ്റിറക്ക് നിയന്ത്രണമുള്ള കല്ലാർകുട്ടി റോഡിലും ബസ് സ്റ്റാൻഡ് കവാടത്തിലും വാഹനങ്ങൾക്ക് അമിത വേഗമാണ്. നടപ്പാത സ്വകാര്യവാഹന പാർക്കിങ് ഏരിയയായി മാറി. വഴിവാണിഭക്കാരുടെ വർധനകൂടി ആകുമ്പോൾ കാൽനടക്കാർ ദുരിതത്തിലും ആണ്.
ലൈബ്രറി റോഡിൽ വാഹനങ്ങൾ വൺവേ പാലിക്കാതെ പോകുന്നതും എതിരെയെത്തുന്ന വാഹനങ്ങൾക്ക് ഭീഷണിയാണ്. വൺവേ തെറ്റിച്ചെത്തിയ വാഹനമിടിച്ച് അപകടങ്ങൾ വർധിച്ചിട്ടും പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ല. അടിമാലി ഹിൽ ഫോർട്ട് ജങ്ഷനിലെ ഗതാഗത പ്രശ്നങ്ങളും അപകടങ്ങളും കുറക്കാൻ ബസ്സ്റ്റാൻഡിലെ വൺവേ മാറ്റണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
സ്വകാര്യ ബസ് ഉടമകളുടെ സമ്മർദത്തിന് വഴങ്ങി അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ്. സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സിയെ ഒതുക്കാൻ ഇവർ കാണിക്കുന്ന നടപടി യാത്രക്കാർക്കും വിനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.