അടിമാലി: ബൈസൺവാലി പഞ്ചായത്തിൽ അനധികൃതമായി കെട്ടിടങ്ങളുടെ തരംമാറ്റി നൽകിയ പഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരുവർഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ബൈസൺവാലി പഞ്ചായത്തിൽ കുഞ്ചിത്തണ്ണി ഭാഗത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന സ്വകാര്യ പബ്ലിക് സ്കൂളിന് സ്കൂൾ നിർത്തിയപ്പോൾ കെട്ടിടം തരംമാറ്റി റിസോർട്ടാക്കി നൽകിയതാണ് വിനയായത്.
90,000 സ്ക്വയർ ഫീറ്റിൽ പ്രവർത്തിക്കാൻ അനുമതി നൽകുകയും 1,70,000 രൂപക്ക് മുകളിൽ കരം അടപ്പിക്കുകയും ചെയ്തിരുന്നു. ബൈസൺവാലി പഞ്ചായത്തിൽ വാണിജ്യ ആവശ്യത്തിനു കെട്ടിടം നിർമിക്കാനും ഗാർഹിക ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളെ തരംമാറ്റി നൽകാനും അനുമതി ഇല്ലാതിരിക്കുകയാണ് വൻകിട റിസോർട്ടിന് വേണ്ടി സ്കൂൾ കെട്ടിടം തരംമാറ്റി നൽകിയത്.
പഞ്ചായത്ത് ഭരണസമിതി ആദ്യം ഇതിലെ ക്രമക്കേട് കണ്ടെത്തുകയും തുടർന്ന് വകുപ്പുതല അന്വേഷണത്തിന് ശിപാർശ ചെയ്യുകയുമായിരുന്നു. വകുപ്പുതല അന്വേഷണത്തിൽ കെട്ടിടങ്ങളുടെ വിഭാഗം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരിൽനിന്ന് വീഴ്ച്ച വന്നതായി മനസ്സിലാക്കുകയും ഇവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ബൈസൺവാലി പഞ്ചായത്തിൽ നിരവധി കെട്ടിടങ്ങൾക്ക് ഇങ്ങനെ തരംമാറ്റി അനുമതി നൽകിയിട്ടുള്ളതായി തെളിഞ്ഞതിനെ തുടർന്ന് പഞ്ചായത്തിലെ 90 ശതമാനം ജീവനക്കാർക്കും കൂട്ട സ്ഥലംമാറ്റം നൽകുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ബൈസൺവാലി പഞ്ചായത്തിൽ തരംമാറ്റി നൽകിയ കെട്ടിടങ്ങളുടെ പരിശോധന നടത്തണമെന്നും കേസ് വിജിലൻസിന് ഏൽപിക്കണമെന്നുമാണ് ഇപ്പോൾ ആവശ്യം ഉയർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.