അടിമാലി: ചിന്നക്കനാലിൽ പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ കാട്ടാന ശല്യം തുടരുന്നു. ചൊവ്വാഴ്ച കടയും ജീപ്പും തകർത്തു. മൂന്ന് മണിക്കൂറോളം റോഡിൽ നിലയുറപ്പിച്ച കാട്ടാനകൾ നാട്ടുകാരുടെ സഞ്ചാരവും തടസ്സപ്പെടുത്തി. പെരിയ കനാൽ സുബ്രഹ്മണ്യത്തിന്റെ കടയാണ് തകർത്തത്. അരിക്കൊമ്പനാണ് തകർത്തതെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു.
അഞ്ചാം തവണയാണ് ഈ കടക്ക് നേരെ ആക്രമണം. കടയോട് ചേർന്ന് റോഡിൽ സ്ഥാപിച്ച ദിശ ബോർഡും നശിപ്പിച്ചു. ഇതിനു ശേഷമാണ് ചക്കക്കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാന ജീപ്പ് തകർത്തത്. ചൊവ്വാഴ്ച രാവിലെ ബിയൽറാമിനും എൺപതേക്കറിനും ഇടക്കാണ് ആക്രമണം. തൊഴിലാളികളെ തോട്ടത്തിൽ ഇറക്കി മടങ്ങുമ്പോഴായിരുന്നു സംഭവം. ജീപ്പ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വഹനത്തിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർത്തു.
ആനയെക്കണ്ട് വാഹനം പിറകോട്ട് എടുക്കവെ ബൈക്കിൽ ഇടിച്ച് യാത്രികന് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ശല്യക്കാരനായ അരിക്കൊമ്പനെ ഉടൻ മയക്കുവെടിവെച്ച് പിടികൂടുമെന്ന് വനം വകുപ്പ് അറിയിച്ചു. ഈ ആഴ്ച തന്നെ വയനാട്ടിൽനിന്നുള്ള പ്രത്യേക സംഘം പ്രവർത്തനം തുടങ്ങും. രണ്ടു മാസത്തിലേറെയായി ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. വനം വകുപ്പ് വാച്ചർ ശക്തിവേൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ഈ കാലയളവിൽ രണ്ടു റേഷൻകടയും എട്ട് വ്യാപാര സ്ഥാപനവും 16 വീടും തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.