അടിമാലി: ആനയിറങ്കൽ ഡാമിന്‍റെ ജലാശയത്തിൽ വയോധികയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആനയിറങ്കൽ എസ്റ്റേറ്റ് ലയത്തിൽ താമസിച്ചിരുന്ന വെള്ളത്തായി (66) യെയാണ് ഞായറാഴ്ച രാവിലെ ആറു മണിയോടെ ജലാശയത്തിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
വർഷങ്ങൾക്കു മുമ്പേ ഭർത്താവ് ഉപേക്ഷിച്ചു പോയ ഇവർ തേയിലതോട്ടം തൊഴിലാളിയായിരുന്നു. സർവിസിൽ നിന്നും വിരമിച്ചെങ്കിലും എസ്‌റ്റേറ്റ് തൊഴിലാളി ലയത്തിൽ ഇവർ താമസിച്ച് വരികയായിരുന്നു. ഇടയ്ക്കിടക്ക് വീട് വിട്ട് അലഞ്ഞു നടക്കുകയും, മാനസിക അസ്വസ്ഥയും പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞരണ്ടു മാസമായി ഇവർ ആനയിറങ്കലിൽ തൻ്റെ സഹോദരൻ്റ മകൻ ജഗൻ മോഹൻ്റെ കൂടെയായിരുന്നു താമസം.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറ് മണി മുതൽ ഇവരെ കാണാതായിരുന്നു. ഇടക്കിടെ വീടുവിട്ടു പോകാറുള്ള സ്വഭാവമുള്ളതിനാൽ ബന്ധുക്കൾ ഇതു കാര്യമാക്കിയില്ല. വലതു കൈയ്യിൽ ഒരു സ്റ്റീൽ പാത്രം മുറുകെ പിടിച്ച നിലയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണത്തിന് ശാന്തൻപാറ പൊലീസ് കേസെടുത്തു. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.