മൂലമറ്റം: വിവാദങ്ങൾക്കൊടുവിൽ അംഗൻവാടികളിൽ നിയമനം നടത്തി. അറക്കുളം പഞ്ചായത്തിലെ അംഗൻവാടികളിൽ ഒഴിവുള്ള തസ്തികകളിലേക്കാണ് വർക്കർമാരെയും ഹെൽപ്പർമാരെയും നിയമിച്ചത്. അറക്കുളം പഞ്ചായത്തിൽ 31 അംഗൻവാടിയുണ്ട്. അതിൽ നാല് അംഗൻവാടികളിൽ വർക്കർമാരുടെ ഒഴിവും 21ൽ ഹെൽപ്പർമാരുടെ ഒഴിവുമായിരുന്നു ഉണ്ടായിരുന്നത്. ജീവനക്കാരുടെ കുറവ് മൂലം പ്രവർത്തനം താറുമാറായിരുന്നു.
ജീവനക്കാർക്ക് ഒന്നിലേറെ സെന്ററുകളുടെ ചുമതല നൽകിയാണ് പ്രവർത്തനം നടത്തിയിരുന്നത്. ഇവർ കുട്ടികളെ പരിപാലിക്കുന്നതിനോടൊപ്പം തന്നെ ഭക്ഷണം തയ്യാറാക്കൽ, ഓൺലൈൻ മീറ്റിങ്ങുകൾ, സാമൂഹികാധിഷ്ഠിത പരിപാടികൾ, രജിസ്റ്ററുകൾ, ഫോണിൽ ചെയ്യുന്ന വിവരങ്ങൾ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളാണ് നടത്തേണ്ടത്. ഒരു വർഷം മുൻപ് ഇന്റർവ്യൂ നടത്തിയെങ്കിലും നിയമനം അകാരണമായി വൈകിപ്പിക്കുകയായിരുന്നു.
ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി 2023 ജൂണിൽ ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ നടത്തിയിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ നടപടികളും പൂർത്തിയാക്കിയിരുന്നതാണ്. നിയമനം വൈകിപ്പിക്കുന്നതിനെ കുറിച്ച് പലതവണ ജനപ്രതിനിധികളടക്കം ബന്ധപ്പെട്ടെങ്കിലും നടപടിയായില്ല. ഇതേക്കുറിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
ഒഴിവുള്ള തസ്തികകളിലേക്ക് ഏതാനും മാസം മുമ്പ് ആറ് മാസ കരാറിൽ നിയമനം നടത്തിയിരുന്നു. എന്നാൽ മാർച്ച് പകുതിയോടെ ഇവരുടെ കാലാവധി കഴിഞ്ഞു. തുടർന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി താൽക്കാലിക നിയമനം നടത്താനും അധികൃതർ തയ്യാറായില്ല. ഇടുക്കി ബ്ലോക്കിന് കീഴിൽ വരുന്ന അറക്കുളം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലായി 49 തസ്തികകളിലാണ് പുനർനിയമനം നടത്തിയത്.
ഇപ്പോൾ നടത്തിയ നിയമനങ്ങൾ മാനദണ്ഡം പാലിച്ചല്ലെന്ന് പരാതിയുണ്ട്. ഇതിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് നിയമനം ലഭിക്കാതിരുന്ന ഉദ്യോഗാർഥികൾ. ഏതായാലും നിയമനങ്ങൾ പൂർത്തിയായതോടെ അംഗൻവാടികളുടെ പ്രവർത്തനം കാര്യക്ഷമമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.