തൊടുപുഴ: എൽ.ഡി.എഫ് വിട്ടുനിന്നതിനെ തുടർന്ന് അറക്കുളം പഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് മാറ്റി. പട്ടികജാതി വിഭാഗത്തിന് പ്രസിഡൻറ് സ്ഥാനം സംവരണം ചെയ്ത ഇവിടെ പട്ടികജാതി വിഭാഗത്തിൽനിന്ന് കോൺഗ്രസിലെ കെ.എസ്. വിനോദും എൽ.ഡി.എഫിൽനിന്ന് പി.എസ്. സിന്ധുവും മാത്രമാണ് വിജയിച്ചത്.
എൽ.ഡിഎഫിൽനിന്ന് വിജയിച്ച പി.എസ്. സിന്ധു പ്രസിഡൻറാകുമെന്നു കരുതിയിരുന്നെങ്കിലും സിന്ധുവിെൻറ ജാതി സർട്ടിഫിക്കറ്റ് അന്വേഷണ വിധേയമായി മരവിപ്പിച്ചതിനാൽ പ്രസിഡൻറ് ആകാനുള്ള യോഗ്യത ഇല്ലാതായി.
സിന്ധു സി.എസ്.ഐ സഭയിലേക്ക് മതപരിവർത്തനം നടത്തിയ ആളായതിനാൽ ഇവരുടെ ജാതി സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഇമ്മാനുവൽ ഇടുക്കി തഹസിൽദാറിന് നൽകിയ പരാതിയിലാണ് സർട്ടിഫിക്കറ്റ് മരവിപ്പിച്ചത്.
വ്യാഴാഴ്ചയോടെ മരവിക്കൽ നടപടി ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിൽ ഒരുദിവസം താമസിപ്പിക്കുന്നതിനാണ് 15അംഗ പഞ്ചായത്ത് കമ്മിറ്റിയിൽനിന്ന് ഒമ്പത് എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതെന്നാണ് സൂചന. ക്വാറം തികയാത്തിനാൽ തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു റിട്ടേണിങ് ഓഫിസർ. വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ക്വാറം തികഞ്ഞില്ലെങ്കിലും പ്രസിഡൻറിനെ തെരഞ്ഞെടുക്കും.
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ നാല് അംഗങ്ങളും ഒരു ബി.ജെ.പി അംഗവും സ്വതന്ത്രയായി വിജയിച്ച ഉഷ ഗോപിനാഥുമാണ് ബുധനാഴ്ച പങ്കെടുത്തത്.ഉച്ചക്ക് രണ്ടിന് നടന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ പങ്കെടുത്തു.
എന്നാൽ, യു.ഡി.എഫ് അംഗങ്ങളും സ്വതന്ത്രയും കമ്മിറ്റിയിൽ ഒപ്പിട്ട് വോട്ടിങ്ങിൽ പങ്കെടുക്കാതെ വിട്ടുനിന്നു. ഇതോടെ സി.പി.ഐയിലെ ഗീത തുളസീധരൻ വൈസ് പ്രസിഡൻറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.