ചെറുതോണി: ബ്ലേഡ് മാഫിയയുടെ കെണിയിൽപെട്ട് ദുരിതത്തിൽ കഴിയുന്ന കുടുംബങ്ങളെ സഹായിക്കാൻ നടപ്പാക്കിയ ഓപറേഷൻ കുബേര നിലച്ചു. പരിശോധന നിർത്തിയതോടെ തമിഴ് വട്ടിപ്പലിശക്കാരും ബ്ലേഡുകാരുമെല്ലാം വീണ്ടും സജീവമായി.
തുടക്കത്തിൽ റെയ്ഡുകൾ നടത്തി ശക്തമായി മുന്നോട്ടുപോയ ഓപറേഷൻ കുബേര ഓരോ ദിവസം പിന്നിട്ടപ്പോഴും ദുർബലമായി. റെയ്ഡ് വിവരങ്ങൾ മുൻകൂട്ടി ചോർന്നു തുടങ്ങിയതോടെ അതു പ്രഹസനമായി മാറി. തമിഴ്നാട്ടുകാരായ ബ്ലേഡ് ഇടപാടുകാരോട് തൽക്കാലം മാറിനിൽക്കാൻവരെ ചില പൊലീസ് ഉദ്യോഗസ്ഥർ ഉപദേശിച്ചു. ഇതോടെ ഇവിടെ വന്ന് കുടുംബസമേതം തമ്പടിച്ചിരുന്നവരും സ്ഥലം വിട്ടു. പരിശോധന നടത്തിയ കേസുകളിലെല്ലാം വമ്പൻമാർ രക്ഷപ്പെട്ടു. കുറച്ചുനാളായി ഇഴഞ്ഞുനീങ്ങിയ കുബേര ഇപ്പോൾ പൂർണമായും നിലച്ചു. ഇപ്പോൾ ഇങ്ങനെയുള്ള സംഭവങ്ങളിൽ പരാതി കൊടുത്താൽപോലും പൊലീസ് വലിയ താൽപര്യം കാണിക്കുന്നില്ല.
ഓപറേഷൻ കുബേരയുടെ മറവിൽ വൻ തട്ടിപ്പും അരങ്ങേറി. കടം മേടിച്ച പണം തിരികെ ചോദിച്ചാൽ കുബേര കേസിൽ അകത്താക്കുമെന്ന് പറഞ്ഞ് ഒരു കൂട്ടം ഉദ്യോഗസ്ഥന്മാരും ചില രാഷ്ട്രീയക്കാരും ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങൾ നിരവധിയാണ്. ജില്ലയിൽ ഇതുവരെ ഇരുനൂറോളം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ പ്രതികളായത് 196 പേർ. അറസ്റ്റിലായത് നൂറോളം പേരും. ബാക്കിയുള്ളവരെല്ലാം ഭരണസ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ട് പിടിയിലായവരിൽനിന്ന് കണക്കില്ലാതെ രൂപയും ചെക്കും സ്വർണവും പിടിച്ചെടുത്തു.
ഇത് സംബന്ധിച്ച് ഒരു രേഖയുമില്ല. ശനിയാഴ്ച തമിഴ്നാട്ടിൽനിന്നെത്തുന്നവർ തിങ്കളാഴ്ച തിരികെ പോകുന്നത് ലക്ഷങ്ങളുമായിട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.