ചെറുതോണി: ഹോം സ്റ്റേ അപേക്ഷകൾ കാരണം വ്യക്തമാക്കാതെ ജില്ലയിലെ ടൂറിസം വകുപ്പ് തള്ളുന്നത് വിനോദ സഞ്ചാര മേഖലക്ക് വൻ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വർഷം കിട്ടിയ 130 അപേക്ഷയിൽ 48 എണ്ണത്തിന് അനുമതി നിഷേധിച്ചു.
വലുതും ചെറുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപത്തെ വീടുകളില്‍ സഞ്ചാരികള്‍ക്ക് താമസസൗകര്യം ഒരുക്കി നാട്ടുകാരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വിനോദസഞ്ചാര വകുപ്പ് സംസ്ഥാനത്ത് ഹോം സ്റ്റേ എന്ന ആശയം അവതരിപ്പിച്ചത്. തുടക്കത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പായിരുന്നു ഹോം സ്റ്റേകള്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നത്. ഇവര്‍ സംരംഭകരെ ബുദ്ധിമുട്ടിക്കുന്നതായി വ്യാപക പരാതി ഉയർന്നതോടെ അനുമതി നല്‍കാനുള്ള അധികാരം വിനോദസഞ്ചാര വകുപ്പിന് കൈമാറുകയായിരുന്നു. ടൂറിസം ഡെ. ഡയറക്ടർ, ഡി.ടി.പി.സി സെക്രട്ടറി, പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് മാനേജർ, ഹോം സ്റ്റേ ആരംഭിക്കുന്ന വാർഡിലെ പഞ്ചായത്തംഗം എന്നിവരുൾപ്പെട്ടതാണ് പരിശോധനാസമിതി.
ഇതിൽ പഞ്ചായത്തംഗങ്ങളുടെ അഭിപ്രായം പരിഗണിക്കാതെയാണ് അപേക്ഷകൾ കൂട്ടമായി നിരസിക്കുന്നത്. ഇത് വിനോദസഞ്ചാര വകുപ്പിന്റെ പ്രാദേശിക സംരംഭക പ്രോത്സാഹന പദ്ധതിക്ക് തിരിച്ചടിയാണ്. പരിശോധനാസമയത്ത് എന്തെങ്കിലും പോരായ്മ കണ്ടാല്‍ അത് പരിഹരിക്കാന്‍ നിയമാനുസൃത നോട്ടീസ് പോലും നല്‍കാതെയാണ് നടപടി. ഇവരുടെ റിപ്പോർട്ടിൻമേൽ ഡയറക്ടർക്ക് അപ്പീല്‍ നൽകാൻ അവസരമുണ്ട്.
ഇതിന്റെ പരിശോധന റീജ്യനൽ ഡയറക്ടർമാർക്കാണ്. ഡെ. ഡയറക്ടർമാരുടെ സ്ഥാനക്കയറ്റ തസ്തികയാണ് ഇത്. അതിനാൽ തന്നെ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് ഇവർ അതേപടി അംഗീകരിക്കുക യാണ് പതിവ്.
വലിയ തുക ചെലവാക്കി വീട് നവീകരിക്കുകയും സൗകര്യങ്ങൾ ഒരുക്കുകയും പൊലീസ്, ഫുഡ് സേഫ്റ്റി, പഞ്ചായത്ത്, റവന്യു അധികാരികളുടെ എൻ.ഒ.സി ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയശേഷമാണ് നിരസിക്കൽ. എൻ.ഒ.സിക്ക് വൻ തുകയാണ് ഫീസായി അടക്കേണ്ടി വരുന്നത്. ഇതിന് പുറമേ 3000 രൂപ ഹോം സ്റ്റേ ഫീസായി വേറെയും അടക്കണം.
ഇത്തരത്തിൽ അപേക്ഷ നൽകുന്നവരെയാണ് കാരണങ്ങൾ വ്യക്തമാക്കാതെയും പരിഹരിക്കാൻ അവസരം നൽകാതെയും ഏകപക്ഷീയമായി അനുമതി നിക്ഷേധിച്ച് ബുദ്ധിമുട്ടിക്കുന്നതെന്നാണ് ആക്ഷേപം. ഇത് വൻകിടക്കാരെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.