ചെറുതോണി: പ്രകൃതിക്ഷോഭത്തിൽ കടപുഴകിയ കോടികൾ വിലമതിക്കുന്ന മരങ്ങൾ വെയിലും മഴയുമേറ്റ് കാട്ടിൽക്കിടന്നു നശിക്കുന്നു. കഴിഞ്ഞ കാലവർഷത്തിൽ ജില്ലയിലെ ലോവർപെരിയാർ ഉൾപ്പെടെ വനങ്ങളിൽ കോടിക്കണക്കിനു രൂപയുടെ മരങ്ങൾ വീണിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. ഇങ്ങനെ വീണവ അടുത്ത കാലവർഷത്തിനു മുമ്പ് ലേലം ചെയ്തു കൊടുക്കണമെന്നാണ് വ്യവസ്ഥ. വനനിയമത്തിലെ നൂലാമാലകൾ കാരണം ലേല ചുമതല ഏറ്റെടുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് താൽപര്യമില്ലാത്തത് അടക്കം കാരണങ്ങളാണ് തടികൾ നശിക്കാൻ കാരണം.
ഉൾവനങ്ങളിൽ വീഴുന്ന തടികൾ ലേലം ചെയ്തു കൊടുക്കുക പ്രയാസമാണ്. വനത്തിൽനിന്നു വെട്ടി തളിരങ്ങളാക്കി പുറത്തെത്തിക്കാൻ നിർവാഹമില്ല. ലോവർപെരിയാർ പോലുള്ള ഉൾക്കാട്ടിൽ വീണുകിടക്കുന്ന തടികൾ പെരിയാറിന്റെ മറുകരയിൽ ഇടുക്കി-നേര്യമംഗലം റോഡിലെത്തിക്കുന്നതും അസാധ്യം. വീണ മരങ്ങൾ അവിടെ വെച്ചുതന്നെ ലേലം ചെയ്തു കൊടുക്കാനാണ് വനം വകുപ്പിന്റെ നിർദേശം. ഇങ്ങനെ ചെയ്യണമെങ്കിൽ തടിപിടിക്കുന്ന ആനയെ വനത്തിൽ കൊണ്ടുചെല്ലണം. ഇപ്പോൾ എത്ര പ്രതിഫലം കൊടുത്താലും ആനയെ കിട്ടാനില്ല. കിട്ടിയാൽത്തന്നെ വനത്തിലെത്തിക്കാൻ വഴിയില്ല. വീണമരങ്ങൾ അളന്ന് കണക്കെടുത്തു നമ്പറിട്ടാൽ അത് സൂക്ഷിക്കേണ്ട ചുമതല വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. വിസ്തൃതമായ വനത്തിൽ തടികൾ മോഷണം പോകുന്നത് തടയാനുള്ള സംവിധാനം ഇപ്പോൾ വനം വകുപ്പിനില്ല.
ലേലം നടന്നാൽത്തന്നെ ലേലത്തിൽ പിടിച്ചയാൾ തടി നീക്കുന്നതുവരെ സൂക്ഷിക്കേണ്ടതും വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. മരം ലേലം ചെയ്യുമ്പോൾ സീനിയറേജ് വാല്യൂ കൂടാതെ തടി നീക്കുന്നതിന്റെ ചെലവ് ലേലത്തിനുശേഷം ലഭിക്കുമെന്ന് ഉറപ്പു വരുത്തേണ്ടതും ഉദ്യോഗസ്ഥന്റെ ബാധ്യതയിൽ വരും. ഏതു സാഹചര്യത്തിലും നഷ്ടം വന്നാൽ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽനിന്ന് നഷ്ടമായ തുക തിരിച്ചുപിടിക്കാമെന്നാണു നിയമം. ഇത്തരം വനനിയമത്തിന്റെ നൂലാമാലകൾ കാരണം ലേല ചുമതല ഏറ്റെടുക്കുന്നതിൽനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പിൻവാങ്ങുകയാണ്.
കഴിഞ്ഞ കാലവർഷത്തിൽ കടപുഴകിയ മരങ്ങളിൽ വില പിടിപ്പുള്ള ഈട്ടി, തേക്ക് തുടങ്ങിയവ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രധാനമായും വെടിപ്ലാവ്, പാലി, അകിൽ, പുന്ന, നാങ്ക് തുടങ്ങിയ മരങ്ങളാണ് വനത്തിൽ കിടന്നു നശിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്നതാണ് എല്ലാ തടികളും.
ഇതിൽ അകിൽ ഫർണിച്ചറുകൾ ഉണ്ടാക്കുന്നതിനു മികച്ചതാണ്. വാഴത്തോപ്പ് പഞ്ചായത്തിലെ കൂട്ടക്കുഴി കന്നി ഏലത്തോട്ടത്തിൽ മാത്രം ലക്ഷക്കണക്കിനു രൂപയുടെ തടികളാണ് വീണുകിടന്ന് നശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.