ചെറുതോണി: വികസന പദ്ധതികൾക്കായി ജില്ല പഞ്ചായത്തിന് കൈമാറാൻ ധാരണയായ 60 ഏക്കർ ഭൂമി രണ്ടു വർഷമായി ചുവപ്പുനാടയിൽ. ഭൂമിക്കുവേണ്ടി വൈദ്യുതി ബോർഡും സർക്കാർ സ്ഥാപനങ്ങളും ഒടുവിൽ ജില്ല പഞ്ചായത്തും തമ്മിലുണ്ടായ തർക്കം രണ്ടു വർഷം മുമ്പ് ചീഫ് സെക്രട്ടറിയുടെ മധ്യസ്ഥതയിൽ ഒത്തുതീർന്നതാണ്. സർക്കാറിൽനിന്ന് വിട്ടുകിട്ടിയതിൽ പകുതി സ്ഥലം വിട്ടുകൊടുക്കാമെന്ന് വൈദ്യുതി ബോർഡ് സമ്മതിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി ഒപ്പിട്ട് ഫയൽ റെഡിയായാലേ വികസന പദ്ധതികൾക്കായി ജില്ല പഞ്ചായത്തിന് ഭൂമി സ്വന്തമാകൂ. ജില്ല പഞ്ചായത്ത് രണ്ടു വർഷമായി ഇതിനായി നടക്കുന്നെങ്കിലും നടപടി എങ്ങുമെത്തിയില്ല.
1964ൽ ഇടുക്കി ഡാം നിർമാണ കാലത്ത് കെ.എസ്.ഇ.ബി ഓഫിസുകൾ, ക്വാർട്ടേഴ്സുകൾ എന്നിവ താൽക്കാലികമായി സ്ഥാപിക്കാൻ സർക്കാർ ബോർഡിനു വിട്ടുനൽകിയ സ്ഥലമാണിത്. ഡാം നിർമാണം പൂർത്തിയാകുമ്പോൾ സ്ഥലം തിരിച്ചുനൽകണമെന്നായിരുന്നു വ്യവസ്ഥ. 1972ൽ ഡാം നിർമാണം പൂർത്തീകരിച്ചെങ്കിലും ബോർഡ് സ്ഥലം തിരികെ നൽകിയില്ല. പിന്നീട് ജില്ല ആസ്ഥാന വികസനപ്രവർത്തനത്തിന് സർക്കാർ ഇടുക്കി ഡെവലപ്മെന്റ് അതോറിറ്റി (ഐ.ഡി.എ) രൂപവത്കരിച്ച് 808 ഏക്കർ സ്ഥലം കൈമാറി.
ഇതിൽ വൈദ്യുതി ബോർഡിനു താൽക്കാലികമായി നൽകിയ 105 ഏക്കർ സ്ഥലവും ഉൾപ്പെട്ടു. 1999ൽ ഐ.ഡി. എ ഈ സ്ഥലം ടെലിഫോൺ എക്സേഞ്ചിനു നൽകിയപ്പോൾ സ്ഥലത്തിനു തർക്കം ഉന്നയിച്ച് ബോർഡ് ഐ.ഡി.എക്കെതിരെ ഹൈകോടതിയിൽ കേസ് നൽകി. തുടർന്ന് പവർ സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി കൂടി പരിഹാരം കാണാൻ ഹൈകോടതി നിർദേശിച്ചു.
ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. 2007ൽ സർക്കാർ ഐ.ഡി.എ പിരിച്ചുവിട്ട് 808 ഏക്കർ സ്ഥലം ജില്ല പഞ്ചായത്തിനു കൈമാറി. ഇതോടെ ബോർഡിനോട് ജില്ല പഞ്ചായത്ത് 105 ഏക്കർ സ്ഥലം ആവശ്യപ്പെട്ടു. 2009 ജനുവരിയിൽ അഡീ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്ന് ഇതിൽ 60 ഏക്കർ സ്ഥലം ജില്ല പഞ്ചായത്തിനു വിട്ടുനൽകാൻ തീരുമാനമെടുത്തു.
തുടർനടപടിയുണ്ടാകാതിരുന്ന സാഹചര്യത്തിൽ ജില്ല പഞ്ചായത്ത് വീണ്ടും ചീഫ് സെക്രട്ടറിയെ സമീപിച്ചതോടെയാണ് 2022ൽ അന്തിമ തീർപ്പുണ്ടായത്. ഈ തീരുമാനവും പൊടിപിടിച്ചു കിടക്കുകയാണിപ്പോൾ. ഡാം നിർമാണ ഘട്ടത്തിൽ ജീവനക്കാർക്കു താമസിക്കാൻ പണിത 106 ക്വാർട്ടേഴ്സുകളാണ് ഈ സ്ഥലത്തുള്ളത്. ഇതിൽ ഭൂരിപക്ഷവും താമസക്കാരില്ലാത്തതിനാൽ കാടുകയറിയും ഇടിഞ്ഞു പൊളിഞ്ഞും നശിച്ചു. ചീഫ് സെക്രട്ടറി ഭൂമി കൈമാറാത്തതിനാൽ ജില്ല ആസ്ഥാനത്തു സ്ഥാപിക്കേണ്ട നിരവധി സർക്കാർ സ്ഥാപനങ്ങൾ ജില്ലയുടെ പല ഭാഗത്തായി പ്രവർത്തിക്കുകയാണ്. ചീഫ് സെക്രട്ടറി മാർ അടിക്കടി മാറുന്നതും തടസ്സത്തിനു കാരണമാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.